കുഞ്ഞുങ്ങളിലെ ശ്രവണ വൈകല്യം; നേരത്തെ തിരിച്ചറിയാം, ചികിത്സിക്കാം
ഗർഭാവസ്ഥയിലിരിക്കുമ്പോൾ തന്നെ ഒരു കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങും
കുഞ്ഞുങ്ങൾക്ക് ചെറിയ അസുഖങ്ങൾ വന്നാൽ പോലും നമ്മള്‍ ഏറെ അസ്വസ്ഥരാകാറുണ്ട്. കേൾവി കുറവ് പോലുള്ള അവസ്ഥകളാണെങ്കിൽ നമ്മളെ കൂടുതൽ ഭയപ്പെടുത്തും. അതിനാൽ തന്നെ കുഞ്ഞുങ്ങളിലെ ശ്രവണ വൈകല്യം തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഗർഭാവസ്ഥയിലിരിക്കുമ്പോൾ തന്നെ ഒരു കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങും. ജനിച്ചുവീഴുമ്പോൾ തന്നെ ഭാഷയും സംസാരവും പടിപടിയായി പഠിച്ചു കൊണ്ടിരിക്കും.
സംസാര ശേഷിക്ക് ഏറ്റവും ആവശ്യം കേൾവി ശക്തി തന്നെയാണ്. മൂന്ന് വയസുവരെ കുഞ്ഞുങ്ങൾക്ക് സംസാരത്തിനും ആശയവിനിമയത്തിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രധാന കാലഘട്ടമാണ്. ചില കുഞ്ഞുങ്ങളിൽ ശ്രവണ വൈകല്യം ജന്മനാ കാണപ്പെടാറുണ്ട്. ജനിതക ഘടകങ്ങളാണ് ഇതിന് പ്രധാന കാരണം. കൂടുതലും ജനിതക രോഗങ്ങൾ മൂലമോ പാരമ്പര്യമോ ആയ കാരണങ്ങൾ കൊണ്ടാണ് ശ്രവണ വൈകല്യം സംഭവിക്കുന്നത്.
എല്ലാ നവജാത ശിശുക്കൾക്കും ആശുപത്രിയിൽ നിന്നും ഡിസചാർജ് ചെയ്യും മുൻപ് ആദ്യഘട്ട സ്ക്രീനിംഗ് പരിശോധന നടത്തണം. കുഞ്ഞിന് രണ്ട് മാസം പ്രായം ആകുമ്പോഴേക്കും ശ്രവണ തകരാർ ഉണ്ടോയെന്ന് കണ്ടെത്തണം. തകരാർ കണ്ടെത്തിയാൽ മൂന്ന് മാസം ആകുമ്പോഴേക്കും ശ്രവണ സഹായി നൽകി സ്പീച്ച് തെറാപ്പി ആരംഭിക്കണം. നവജാത ശിശുക്കളില്‍ ഓട്ടോ അക്വസ്റ്റിക് എമിഷൻ ടെസ്റ്റ് ചെയ്യുന്നത് വഴിയും കുട്ടികളിലെ ശ്രവണവൈകല്യം നേരത്തെ കണ്ടെത്താനാകും.
ലോകാരോഗ്യ സംഘടനയുടെ ആഭിമുഘ്യത്തിൽ കുഞ്ഞുങ്ങളിലെ ശ്രവണ വൈകല്യം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സകൾ ലഭ്യമാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നവജാത ശിശുക്കളുടെ ശ്രവണ ശക്തി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ശ്രവണ വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ പുനരധിവാസം ലക്ഷ്യമാക്കി കേരള സർക്കാരിന്റെ കീഴിൽ ശ്രുതിതരംഗം പദ്ധതിയിൽ സൗജന്യ ശസ്ത്രക്രിയയിലൂടെ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്നു.
ശ്രവണ വൈകല്യം മൂലം കുഞ്ഞുങ്ങളിൽ സംസാരത്തിനും ഭാഷാവികസനത്തിനും വൈകല്യം നേരിടാം. അതിനാൽ ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തി പരിഹരിക്കുന്നത് അവരുടെ ജീവിത നിലവാരവും ഭാവിയും മെച്ചപ്പെടാൻ സഹായിക്കും. ഹിയറിംഗ് എയ്ഡ് ഫിറ്റിംഗ്, ഓഡിറ്ററി മെർബൽ തെറാപ്പി പോലുള്ള ചികിത്സകൾ നൽകാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...