Pazhankanji: പഴങ്കഞ്ഞി തടി കുറയ്ക്കും? സത്യാവസ്ഥയെന്ത്
Health Benefits of Pazhankanji: നമ്മുടെ ശരീരത്തിന് ആവശ്യമായ മൈക്രോഫ്ലോറ എന്ന ബാക്ടീരിയ പഴങ്കഞ്ഞിയില്‍ ധാരാളമായി കാണപ്പെടാറുണ്ട്.
തലേ ദിവസം ബാക്കിയായ ചോറ് വെള്ളത്തിൽ ഇട്ട് വെച്ച്, അത് അടുത്ത ദിവസം എടുത്ത് അതിലേക്ക് തലേന്നത്തെ മീൻ കറിയും, കപ്പയും, ഉണക്കമീനും, നല്ല കട്ട തൈരും, എരിവുള്ള മുളകും എല്ലാം ഇട്ട് കൂട്ടികുഴച്ച് കഴിച്ചാൽ എങ്ങനെയിരിക്കും കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും. ഒരു കാലത്ത് മലയാളികളുടെ വീട്ടിലെ സ്ഥിര ഭക്ഷണമായിരുന്നു പഴങ്കഞ്ഞി. എന്നാൽ പിന്നീട് ഒരു തലമുറയ്ക്ക് ശേഷം വന്നവർ ഈ ഭക്ഷണത്തെ അവഗണിച്ചു. ആരും പിന്നീട് കഴിക്കാതായി. എന്നാൽ ഇപ്പോൾ വീണ്ടും മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ ലിസ്ററിൽ പഴങ്കഞ്ഞി ഇടം നേടിയിരിക്കുകയാണ്.
ഇന്ന് കേരളത്തിലെ മിക്ക ഹോട്ടലുകളിലും താരമായി മാറി കഴിഞ്ഞു ഈ ഭക്ഷണം. ആദ്യ കാലത്ത് വീടുകളിൽ മാത്രം ഒതുങ്ങിയ ഇതിനെ ആളുകൾ ഇപ്പോൾ ഹോട്ടലുകളിൽ ചെന്ന് പണം കൊടുത്ത് വാങ്ങി കഴിക്കുന്ന തരത്തിലോട്ട് കാര്യങ്ങൾ മാറി. യഥാർത്ഥത്തിൽ പഴങ്കഞ്ഞി നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നുണ്ട്. ചോറ് കഴിക്കുമ്പോൾ കിട്ടാത്ത പല പോഷകങ്ങളും നമുക്ക് പഴങ്കഞ്ഞി ലഭിക്കുമ്പോൾ കിട്ടുന്നുണ്ട്. ചോറ് ഫെര്‍മെന്റ് ചെയ്താണ്, അതായത് പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്.
ALSO READ: മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം; വീട്ടിൽ തന്നെയുണ്ട് വഴികൾ
ഇതു പോലെ ഫെര്‍മെന്റ് ചെയ്യുമ്പോല്‍ ഇതില്‍ വൈറ്റമിന്‍ ഇ, ഫൈറ്റോഎസ്റ്ററോള്‍, ലിനോലെയിക് ആസിഡ്, ആന്തോസയാനിനുകള്‍ ഫിനോള്‍ തുടങ്ങിയ പല പോഷകങ്ങളും ഉണ്ടാകുന്നു. അതുപോലെ തന്നെ ചോറിനെക്കുറിച്ച് പൊതുവിൽ പറയപ്പെടുന്ന ഒരു കാര്യമാണ് കഴിച്ചാൽ ഭാരം കൂടുന്നത്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അമിതവണ്ണമുളളവരും പഞ്ചസാരയ്ക്കൊപ്പം ആദ്യം ഒഴിവാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ചോറ്. എന്നാൽ മറ്റു ചിലരുണ്ട്, അവർക്ക് ഭാരം കുറയ്ക്കാൻ ആഗ്രഹം ഉണ്ടാകും എന്നാൽ ചോറിനെ ഉപേക്ഷിക്കാൻ വയ്യ. ഒരു നേരം എങ്കിലും കഴിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല. അങ്ങനെയുള്ളവർക്ക് ദൈര്യമായി കഴിക്കാവുന്ന ഭക്ഷണമാണ് പഴങ്കഞ്ഞി.
ഇതൊരിക്കലും നമ്മുടെ ഭാരം വർദ്ധിപ്പിക്കില്ല. ചോറ് കൊഴുപ്പ് കൂട്ടുന്നതാണ്. എന്നാല്‍ കൊഴുപ്പിനെ ബ്രേക്ക് ചെയ്യുന്ന ഒന്നാണ്, അതായത് കൊഴുപ്പ് നീക്കുന്ന ഒന്നാണ് പഴങ്കഞ്ഞിയെന്നത്. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. തടി അഥവാ ശരീരത്തിലെ അമിതഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണിത്. മൈക്രോഫ്‌ളോറ ധാരാളം അടങ്ങിയ ഭക്ഷണം ആണ് ഇത്. അതായത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയയാണ് ഈ മൈക്രോഫ്‌ളോറ അത് ഈ പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊന്നാന്തരം പ്രോബയോട്ടിക് ഭക്ഷണമാണ്. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ ത്വരിതത്തിലാക്കും. അതുപോലെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമാണ് പഴങ്കഞ്ഞി എന്നത്.ധാരാളം ഇലക്ട്രോളൈറ്റുകള്‍ അടങ്ങിയ ഇത് ശരീരത്തിന്റെ ക്ഷീണം അകററാനും ഏറെ നല്ലതാണ്. ശരീരത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്ന്. ചൂടുകാലങ്ങളിൽ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ കുളിർമ നിലനിർത്താൻ സഹായിക്കും. അയേണ്‍ സമ്പുഷ്ടമാണ് പഴങ്കഞ്ഞി. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കാന്‍ സാധിയ്ക്കുന്ന ഒന്ന്.
സാധാരണ ചോറിനേക്കാള്‍ 21 മടങ്ങ് കൂടുതല്‍ അയേണ്‍ പഴങ്കഞ്ഞിയില്‍ ഉണ്ടെന്ന് പറയാം. ഇതല്ലാതെ കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ ബി12 അടങ്ങിയിട്ടുള്ളതിനാലാണ് ക്ഷീണകമറ്റാന്‍ ഇത് ഗുണം നല്‍കുന്നത്. ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരവും. പഴങ്കഞ്ഞി തയ്യാറാക്കുമ്പോള്‍ ഇതില്‍ ചേര്‍ക്കുന്ന മോരും കാന്താരിമുളകുമെല്ലാം തന്നെ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞവയാണ് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണ്. വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന ചൂടുകുരു, അലര്‍ജി എന്നിവയ്ക്ക് ഏറെ നല്ലൊരു പ്രതിവിധി കൂടിയാണിത്. ചര്‍മത്തിന് തിളക്കവും ചെറുപ്പവും നല്‍കാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...