Pani Puri : `ഭായി ഒരു പാനിപൂരി`; ഇന്ത്യ ഒട്ടാകെ ഇഷ്ടപ്പെടുന്ന പാനി പൂരിയുടെ കഥ
Pani Puri Google Doodle : 2015-ൽ മധ്യപ്രദേശിലെ ഒരു റെസ്റ്റോറന്റ് 51 വിവിധ തരത്തിലുള്ള പാനിപൂരികൾ തയ്യാറാക്കി ലോക റിക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതിന്‍റെ ഓർമ്മ പുതുക്കലാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ ആഷോഘിച്ചത്.
പല തരം രുചി വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യ. സൗത്ത് ഇന്ത്യയിലും നോർത്ത് ഇന്ത്യയിലും നോർത്ത് ഈസ്റ്റ് ഭാഗങ്ങളിലും തുടങ്ങി നമ്മുടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പിൻതുടർന്നുവരുന്ന ഭക്ഷണ സംസ്കാരങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തിന് ഓരോ സംസ്ഥാനത്തിനുള്ളിൽപ്പോലും ഭക്ഷണ രീതികളില്‍ വ്യത്യാസമുണ്ട്. എന്നാൽ ഇന്ത്യയുടെ ഏറെക്കുറെ ഭൂരിഭാഗം പ്രദേശങ്ങളിലും കണ്ടുവരുന്ന ഭക്ഷണ പദാർത്ഥമാണ് പാനി പൂരി. ഒരുകാലത്ത് മലയാളികൾക്ക് അത്ര പരിചയമില്ലാതിരുന്ന ഈ വിഭവം ഇന്ന് കേരളത്തിലും വ്യാപകമായി ലഭ്യമാണ്. ഗോതമ്പ് മാവ് എണ്ണയിൽ വറുത്തെടുത്ത ഗോളാകൃതിയിലെ പലഹാരത്തിനുള്ളിൽ പയർ, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം നിറച്ച് അത് ഖട്ടാ മീട്ടാ പാനിയിൽ മുക്കിയെടുത്താണ് പാനിപൂരി കഴിക്കുന്നത്.
ഇന്നത്തെ ഡൂഡിൾ വഴി ഗൂഗിളും ഈ ജനപ്രിയ വിഭവത്തെ ആഘോഷമാക്കുകയാണ്. 2015 ജൂലൈ 12 ന് മധ്യപ്രദേശിലെ ഒരു റസ്റ്റോറന്‍റിൽ 51 ഇനം പാനിപൂരി വിഭവങ്ങൾ തയ്യാറാക്കി ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ ഓർമ്മയ്ക്കാണ് ഗൂഗിൾ ഡൂഡിളിന്‍റെ തീമായി ഇന്ന് പാനിപൂരി പ്രത്യക്ഷപ്പെട്ടത്.
ALSO READ : Fish Nirvana: ഷെഫ് പിള്ളയുടെ അല്ല; ഫിഷ് നിർവാണ നിങ്ങൾക്കും വീട്ടിലുണ്ടാക്കാം,വെറും 30 മിനുറ്റിൽ
ഇന്ത്യയിലുടനീളം ലഭ്യമാകുന്ന വിഭവമാണെങ്കിലും പാനിപൂരിക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ വ്യത്യസ്ത രുചിയും വ്യത്യസ്ത പേരുകളുമാണുള്ളത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമാണ് പാനിപൂരി എന്ന പേരില്‍ ഈ പലഹാരം അറിയപ്പെടുന്നത്. കൂടുതൽ സ്പൈസിയും മസാലകൾ അടങ്ങിയതുമാണ് ഇവിടങ്ങളിൽ ലഭിക്കുന്ന പാനിപൂരി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ജമ്മു കാശ്മീർ, എന്നിവിടങ്ങളിൽ ഇത് ഗോൾ ഗപ്പ എന്ന് അറിയപ്പെടുന്നു. ജൽജീര ഫ്ലേവറിലുള്ള പാനീയത്തിൽ മുക്കിയാണ് ഇവിടങ്ങളിൽ ഇത് വിതരണം ചെയ്യുന്നത്. പശ്ചിമ ബംഗാളിലും ബീഹാർ ഛാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും ഇവയെ പുച്ച്കാസ് എന്നാണ് വിളിക്കുന്നത്. ഇവിടങ്ങളിൽ പുളി കൂടുതലായി ചേർത്താണ് ഇത് വിളമ്പാറുള്ളത്. ഇത്തരത്തിൽ ഓരോ നാവിനും ഓരോ രുചിയുമായി പാനിപുരി, ഗോൾഗപ്പ, പുച്ച്കാസ് എന്നീ പേരുകളിൽ ഈ വിഭവം നമുക്കിടയിൽ വർഷങ്ങളായി നിലനിന്നുപോകുന്നു.
ഇന്ത്യയുടെ ചരിത്രം ആരംഭിച്ചതുമുതൽ പാനിപൂരി എന്ന പലഹാരം പ്രചാരത്തിലുണ്ട്. എന്നാൽ എന്നുമുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയതെന്ന് വ്യക്തമല്ല. മഹാഭാരതത്തിൽ പാനിപൂരിയുടെ ജനനവുമായി ബന്ധപ്പെട്ട് രസകരമായ ഒരു കഥ നിലവിലുണ്ട്. രാജ്യവും അധികാരവും നഷ്ടപ്പെട്ട് പാണ്ഡവന്മാർ വനവാസത്തിന് പോയ സമയത്താണ് കഥ നടക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അവരുടെ കയ്യിലെ ഭക്ഷണ സാധനങ്ങൾ തീർന്നുതുടങ്ങി. അവസാനം കുറച്ച് ഗോതമ്പ് മാവും പച്ചക്കറികളും മാത്രം ശേഷിച്ചു. എന്നാൽ ബുദ്ധിമതിയായ ദ്രൗപതി ഈ സാധനങ്ങൾ മാത്രമുപയോഗിച്ച് തയ്യാറാക്കിയ പലഹാരമാണ് പാനിപൂരിയെന്നാണ് ഐതീഹ്യം. കൊതിയോടെ എട്ടും പത്തും പാനിപൂരികൾ ഒന്നിച്ച് അകത്താക്കുന്ന പലർക്കും ഈ കഥയെപ്പറ്റി അറിയില്ലെന്നാണ് സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...