Diabetes: അവഗണിക്കരുത് ഈ ലക്ഷണങ്ങൾ.... പ്രമേഹരോഗത്തിന്റെ മുന്നറിയിപ്പാകാം
Diabetes: ജനിതക പാരമ്പര്യ ഘടകങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് പ്രമേഹമുള്ള ആറിലൊരാൾ ഇന്ത്യക്കാരനാണെന്ന് 2019ലെ ഒരു പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏകദേശം 77 ദശലക്ഷം പ്രമേഹരോഗികളുണ്ട്. 116 ദശലക്ഷത്തിലധികം പ്രമേഹരോഗികളുള്ള ചൈനയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. ജനിതക പാരമ്പര്യ ഘടകങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
പഞ്ചസാരയും മധുരമുള്ള ഭക്ഷണവും അമിതമായി കഴിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുമെന്ന് പലർക്കും അറിയാം. എന്നാൽ, യഥാർത്ഥത്തിൽ നമ്മുടെ അസന്തുലിതമായ ജീവിതശൈലിയും പ്രമേഹത്തിലേക്ക് നയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാകുന്നത് ശരീരത്തിലെ പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കും. രണ്ട് തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്. ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് 1 പ്രമേഹം കുട്ടിക്കാലത്ത് ബാധിക്കുന്നതാണ്. അതേസമയം ടൈപ്പ് 2 പ്രമേഹം ഏത് പ്രായത്തിലും ഉണ്ടാകാം. പ്രായമായവരിൽ കൂടുതലായും കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്.
പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ: ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുകയാണെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നതിന്റെ സൂചനയാണ്. മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം മൂത്രമൊഴിക്കൽ വർധിക്കുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്.
കാഴ്ച പ്രശ്നം: രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നത് കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കും. കാഴ്ച മങ്ങുന്നതായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത് വിവിധ നേത്രരോഗങ്ങളിലേക്ക് നയിച്ചേക്കാം.
മലബന്ധം: മലബന്ധം അനുഭവപ്പെടുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് കുടലിലെ ഞരമ്പുകളെ തകരാറിലാക്കുകയും ചലനശേഷി മന്ദഗതിയിലാകുകയും ചെയ്യുന്നതാണ് മലബന്ധത്തിന് കാരണമെന്ന് വിവിധ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...