പെട്രോൾ, ഡീസൽ,ഗ്യാസ് മരുന്നുകൾ തുടങ്ങിയ അവശ്യ വസ്തുക്കൾക്കെല്ലാം ദിനം പ്രതിയെന്നോണം വില ഉയരുകയാണ്. സാധാരണക്കാരന് ജീവിതം ദുസഹമാകുന്ന അവസ്ഥ. ഈ സാഹചര്യത്തിൽ നേരിയ ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മരുന്നുവിലയില്‍ കുതിപ്പുണ്ടായിരിക്കേ ആശ്വാസമാകുകയാണ് ജന്‍ ഔഷധി ഷോപ്പുകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ അവശ്യ മരുന്നുകൾക്ക് വിലവര്‍ധനയുണ്ടാകില്ല. എന്നാല്‍ വില്‍പ്പനശാലകള്‍ എല്ലായിടത്തുമില്ലാത്തതും അവശ്യമരുന്നുകളെല്ലാം കിട്ടാത്തതുമാണ്  പ്രശ്‌നമാകുന്നത്. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കേരളത്തില്‍ 977 മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 143 കടകളുള്ള തൃശ്ശൂര്‍ ജില്ലയാണ് ഇതിൽ മുന്നില്‍. എറണാകുളത്തും മലപ്പുറത്തും നൂറിലധികം കടകളുണ്ട്. 1451 ഇനം മരുന്നുകളും 240 സര്‍ജിക്കല്‍ ഉപകരണങ്ങളും ഇവയിലൂടെ ലഭിക്കുകയും ചെയ്യും.


ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ പലമടങ്ങ് വിലക്കുറവാണെന്നതാണ് ജൻ ഔഷധികളുടെ  ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അവശ്യമരുന്നുകളിൽ ഏറ്റവും വലിയ വര്‍ധനയുണ്ടായ അര്‍ബുദമരുന്നുകളായ ട്രാസ്റ്റുസുമാബ്, ബൈപ്പാസ് സ്റ്റെന്റുകള്‍ എന്നിവ ഇവിടെ ലഭിക്കാറില്ല. സാധാരണനിലയില്‍ ഉപയോഗിക്കുന്ന  എല്ലാ ജീവന്‍ രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി എന്ന പേരിൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരമാണ് ഈ  മരുന്നു വില്‍പനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്


ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങങ്ങളാണ് ഇതില്‍ നൂറിലധികവുമുള്ളത്.പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭിക്കുന്നതാണ്. ഇവിടെ ഈ മരുന്നുകള്‍ക്കൊക്കെയും അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട് .


എന്നാല്‍, രോഗികള്‍ ഒരിക്കലും ഈ മരുന്നുകള്‍ തേടിവരാത്ത വിധത്തിലുള്ള വലിയ രീതിയിലുള്ള  പറ്റിക്കലുകൾ പലപ്പോഴും സംഭവിക്കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയെഴുത്തിലാണ് ഇതിന്‍റെ വസ്തുത ഒളിഞ്ഞിരിക്കുന്നത്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വില്‍പനക്കെത്തുന്നത് ജനറിക് മരുന്നുകളായാണ് . അതായത്,  രസതന്ത്രനാമത്തില്‍ തന്നെയുള്ള മരുന്നുകളാണ് ഇവിടെയെത്തുന്നത്. ബ്രാന്‍ഡഡ് ആയ മരുന്നുകള്‍ക്ക് രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്ത  ജനറിക് മരുന്നുകള്‍ മരുന്നു കമ്പനികളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ പുറത്തു വരുമ്പോഴാണ് അവക്ക് കമ്പനി തിരിച്ചുള്ള പേരുകള്‍ നൽകുന്നത്. അപ്പോള്‍ മാത്രമായിരിക്കും അവ പരസ്യങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തുന്നതും.


ബ്രാന്‍ഡഡ് ആയല്ലാതെ ജനറിക് രൂപത്തില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍  ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം. മരുന്നുകള്‍ കുറിക്കുമ്പോള്‍ ജനറിക് പേരുകള്‍ കൂടി അവയുടെ ലഭ്യതയനുസരിച്ച് എഴുതണമെന്നാണ് നിലവില്‍ നിബന്ധനയുള്ളത്. എന്നാല്‍ ഡോക്ടർമാർ ഈ നിബന്ധനക്ക് ഒരു വിലയും കല്‍പിക്കാറില്ല എന്നതാണ് വാസ്തവം. മിക്ക ഡോക്ടര്‍മാരും എഴുതുന്നത് മരുന്നിന്റെ ബ്രാന്‍ഡ് നെയിം മാത്രമാണ്.


ജനറിക് പേരുകളാണെങ്കില്‍ രോഗികള്‍ക്ക് ഒരേ മരുന്നിന്റെ വിവിധ ഉല്പാദകരില്‍ നിന്ന് വില നിലവാരം നോക്കി കുറഞ്ഞ വിലയിലുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കും. അതു ചെയ്യാതെ സ്വന്തം ഇഷ്ടത്തിലുള്ള മരുന്നു കമ്പനികളുടെ ഉല്‍പന്നത്തിലേക്ക് രോഗിയെ നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുകയാകും മിക്ക ഡോക്ടര്‍മാരും  ചെയ്യുന്നത്. സംസ്ഥാനത്ത് നിലവിൽ പ്രധാനമന്ത്രി ജന്‍ ഔഷധിയുടെ 22 മെഡിക്കല്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കുറെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ ഇവിടെയിപ്പോള്‍ ലഭ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍,കോട്ടയം ജില്ലകളിലാണ് ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ