സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ഭക്ഷ്യ പരിശോധന ലാബുകൾ
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബുകളാണ് 14 ജില്ലകളിലും സജ്ജീകരിച്ചിരിക്കുന്നത്.
ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍ സജ്ജമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബുകളാണ് 14 ജില്ലകളിലും സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ മൊബൈല്‍ ലാബിലുണ്ട്. റിഫ്രാക്ടോമീറ്റര്‍, പിഎച്ച് ആൻഡ് ടി.ഡി.എസ്. മീറ്റര്‍, ഇലക്ട്രോണിക് ബാലന്‍സ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്ളോ, ആട്ടോക്ലേവ്, മില്‍ക്കോസ്‌ക്രീന്‍, സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയതാണ് മൊബൈല്‍ ലാബ്.
പൊതുജനങ്ങൾക്ക് അവബോധം നല്‍കാനായി മൈക്ക് സിസ്റ്റം ഉള്‍പ്പെടെ ടിവി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ ലാബിൽ പരിശോധന നടത്തുന്നതിലൂടെ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷ ലാബുകളിലേക്ക് സാമ്പിളുകള്‍ അയക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കും. ലാബുകള്‍ എത്തുന്ന പ്രദേശത്തെ ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കുന്നതൊടൊപ്പം ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അവബോധം നല്‍കും.
ALSO READ: Shawarma Food Poison: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ: ഒരു കുട്ടിയുടെ നില ഗുരുതരം
ഇതോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉത്പാദകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന്‍ തുടരുകയാണ്. മത്സ്യത്തിലെ മായം കണ്ടുപിടിക്കുന്നതിന് ഓപ്പറേഷന്‍ മത്സ്യയും, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറിയും സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഓപ്പറേഷന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്നും മായംകലര്‍ന്ന മത്സ്യം പിടികൂടി നശിപ്പിച്ചു.
മായം കലര്‍ന്നതെന്ന് സംശയിച്ച് പിടിച്ചെടുത്ത ശര്‍ക്കരയില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ശര്‍ക്കരയിലെ മായം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ അറിയിക്കാം. ജങ്ക് ഫുഡായ ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഷവര്‍മ നിര്‍മാണം സംബന്ധിച്ച് മാനദണ്ഡം തയാറാക്കാൻ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...