Monkeypox in children: യുഎസിൽ രണ്ട് കുട്ടികൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു
Monkeypox in children: കുട്ടികൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂയോർക്ക്: അമേരിക്കയിൽ കുട്ടികളിൽ ആദ്യമായി മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 23ന് വെള്ളിയാഴ്ച യുഎസിൽ രണ്ട് കുട്ടികൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. കാലിഫോർണിയയിൽ നിന്നുള്ള കുഞ്ഞിനും അമേരിക്കക്കാരനല്ലാത്ത ഒരു കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കുട്ടികൾ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിലും ഈ വർഷം ഇതുവരെ 15,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുഎസിലും യൂറോപ്പിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ അധികവും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് കണ്ടെത്തിയത്. എന്നിരുന്നാലും ആർക്കും വൈറസ് ബാധിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യൂറോപ്പിൽ, 17 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്കിടയിൽ കുറഞ്ഞത് ആറ് മങ്കിപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ആഫ്രിക്കയിൽ, കുട്ടികളിൽ മങ്കിപോക്സ് അണുബാധകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടാതെ ചെറിയ കുട്ടികളിൽ ഗുരുതരമായ കേസുകളും മരണങ്ങളും ഉയർന്ന അനുപാതത്തിൽ രേഖപ്പെടുത്തുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രായമായവരിൽ പലരും വസൂരിക്കെതിരെ വാക്സിനേഷൻ എടുത്തവരായതിനാലാകും ഇവർക്ക് മങ്കിപോക്സ് വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതെന്ന് നെബ്രാസ്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ പകർച്ചവ്യാധി വിഭാഗം ഡോക്ടർ ജെയിംസ് ലോലർ പറഞ്ഞു. ഏകദേശം 40 വർഷം മുമ്പ് വസൂരി നിർമാർജനം ചെയ്തപ്പോൾ വസൂരി പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തി. അതിനാൽ, അതിന് ശേഷം കുട്ടികൾക്ക് വസൂരിക്കെതിരെ വാക്സിനേഷൻ നൽകിയിട്ടില്ലെന്നും അതിനാൽ വസൂരിയും ചിക്കൻപോക്സുമായ സാമ്യമുള്ള മങ്കിപോക്സിൽ നിന്ന് സംരക്ഷണം ഉണ്ടാകില്ലെന്നും ലോലർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...