Monkeypox: മങ്കിപോക്സിനെ ആഗോള പകർച്ചാവ്യാധിയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത് എന്തുകൊണ്ട്; വ്യാപനം അതിതീവ്രമോ?
Monkeypox: 75 രാജ്യങ്ങളിൽ നിന്ന് 16,000-ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.
ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മങ്കിപോക്സിനെ ആഗോള പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സ് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും വിവിധ രാജ്യങ്ങളോട് നിർദേശിച്ചു. 75 രാജ്യങ്ങളിൽ നിന്ന് 16,000-ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. മങ്കിപോക്സ് ബാധിച്ച് ഇതുവരെ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ''ലോകത്താകമാനം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇത് ആശങ്കയുണർത്തുന്ന രീതിയിൽ പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും ജാഗ്രതപാലിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം. എന്നാൽ ഇതിന്റെ വ്യാപനത്തെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ മങ്കിപോക്സ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുന്നു.'' ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രഖ്യാപിച്ചു.
ലോകാരോഗ്യ സംഘടന എങ്ങനെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്: ഒരു പകർച്ചാവ്യാധി വ്യാപിക്കുന്നത് അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്ക് കീഴിൽ, അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആണോ എന്ന് തീരുമാനിക്കുന്നതിന് അഞ്ച് ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഗെബ്രിയേസസ് പറയുന്നു.
പകർച്ചാവ്യാധി എത്രത്തോളം വ്യാപനശേഷിയുള്ളതാണ്: ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ, ആഗോളതലത്തിൽ മങ്കിപോക്സിന്റെ വ്യാപനം കുറവാണ്. എന്നാൽ, ചില രാജ്യങ്ങളിൽ ഇത് വളരെ ഉയരാന‍് സാധ്യത നിലനിൽക്കുന്നുണ്ട്.
ഇതുവരെ എത്ര മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു: ഒരു മാസം മുമ്പ് 47 രാജ്യങ്ങളിൽ നിന്നായി 3,040 കുരങ്ങുപനി കേസുകൾ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു. അതിനുശേഷം, മങ്കിപോക്സ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 75 രാജ്യങ്ങളിൽ നിന്ന് 16,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO
മങ്കിപോക്സിൻറെ ലക്ഷണങ്ങൾ: മങ്കിപോക്സിൻറെ പ്രാരംഭ ലക്ഷണങ്ങൾ കടുത്ത പനി, ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുക,
ചിക്കൻപോക്‌സിന് സമാനമായ ചുണങ്ങുകൾ എന്നിവയാണ്.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്: ശരീര സ്രവങ്ങൾ, വ്രണങ്ങൾ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്ത്രങ്ങൾ, കിടക്കകൾ തുടങ്ങിയ വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെ മങ്കിപോക്സ് വൈറസ് പടരും. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, ശ്വാസോച്ഛ്വാസത്തിലൂടെയും ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരാം. ഈ അണുബാധ പൊതുവേ അതീവ ഗുരുതരമാകാറില്ല.
അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ളവർ ആരാണ്: അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കിലും, ഇപ്പോൾ ഇത് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ, പ്രത്യേകിച്ച് ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഗെബ്രിയേസസ് പറഞ്ഞു. അതിനർത്ഥം പ്രതിരോധ നടപടികളിലൂടെ തടയാൻ കഴിയുന്ന ഒരു പകർച്ചാവ്യാധിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
മങ്കിപോക്സ് പടർന്നുപിടിക്കുന്നത് ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ്: പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഭൂഖണ്ഡത്തിനപ്പുറം ഈ പകർച്ചാവ്യാധി വ്യാപിക്കുന്നത് ആദ്യമായാണ്. യൂറോപ്പിലും വടക്കേ അമേരിക്കയിലും മറ്റ് സ്ഥലങ്ങളിലും നിരവധി മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലും ഒരു മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...