National deworming day | കുട്ടികളിലെ വിരശല്യം എങ്ങനെ തടയാം ? പരിഹാര മാർഗങ്ങൾ ഇതാ
നിങ്ങളുടെ കുട്ടിക്ക് വിരശല്യം ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇതിന് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്.
വിരശല്യം കുട്ടികളുടെ പ്രതിരോധശേഷിയെ ബാധിക്കുകയും നിരവധി അണുബാധകൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ നിങ്ങളുടെ കുട്ടിക്ക് വിരശല്യം ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇതിന് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. ദേശീയ വിര നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച്, ഇൻഡോറിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ ശിശുരോഗവിദഗ്ദ്ധനും നിയോനറ്റോളജിസ്റ്റുമായ ഡോ. സുനിൽ പുരസ്വനി, കുട്ടികളിലെ വിരശല്യത്തെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
വിരനിർമ്മാർജ്ജനം: മോശം ശുചിത്വ സാഹചര്യങ്ങളും അനാരോഗ്യകരമായ ശീലങ്ങളും കാരണമാണ് വിര ശല്യം ഉണ്ടാകുന്നത്. കുടലിലെ വിരകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ മരുന്നുകൾ ഉപയോഗിക്കുന്ന പ്രക്രിയയാണ് വിര നിർമ്മാർജ്ജനം. വിര ശല്യത്തിന് പരിഹാരമായി ആന്തെൽമിന്റിക് മരുന്ന് ഉപയോഗിക്കുന്നു.
മരുന്ന് ഉപയോഗിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്: നിങ്ങളുടെ കുട്ടിയുടെ വളർച്ചയ്ക്കും ക്ഷേമത്തിനും വിരമരുന്ന് ആവശ്യമാണ്. വിര ശല്യം വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുകയും കുട്ടികളുടെ ദൈനംദിന ജീവിതത്തെ പല വിധത്തിൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. വിരമരുന്ന് നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നിരവധി അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുകയും ചെയ്യും. അനീമിയ തടയുന്നതിനും മരുന്നിന്റെ ഉപയോഗം പ്രധാനമാണ്. വിവിധ തരത്തിലുള്ള വിരകൾ ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യും. ഇക്കാരണത്താൽ കുട്ടികൾക്ക് പോഷകങ്ങൾ നഷ്ടപ്പെടും.
വിരമരുന്ന് നൽകിയില്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ശരീരത്തിൽ വിരകൾ പെരുകുകയും ശരീരത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടി പോഷകാഹാരക്കുറവ് നേരിടും. കുട്ടികൾക്ക് വയറുവേദന, ഇടയ്ക്കിടെ ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടാം. അതിനാൽ, കുട്ടികൾക്ക് വിരമരുന്ന് നൽകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. വിരമരുന്ന് ഗുളിക വർഷത്തിൽ രണ്ടുതവണയാണ് കുട്ടികൾക്ക് നൽകേണ്ടത്. അടിക്കടി വിരബാധയുണ്ടാകുന്ന കുട്ടികൾക്ക് പതിവായി വിരമരുന്ന് നൽകണം. എല്ലാ വർഷവും ഫെബ്രുവരി 10 ന് ഇന്ത്യയിൽ ദേശീയ വിര നിർമാർജന ദിനം ആഘോഷിക്കുന്നു.
വിര നിർമ്മാർജ്ജനത്തിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ: സമീകൃതാഹാരം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. അതുകൊണ്ട് തന്നെ നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും കുട്ടികൾ കഴിക്കണം. വൃത്തിഹീനമായ സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം കുടിക്കരുത്. നിങ്ങളുടെ കുട്ടികളുടെ ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. മഞ്ഞൾപ്പൊടിയും ഉണക്ക വേപ്പിൻ പൊടിയും വിരകളെ നേരിടാൻ ഫലപ്രദമാണ്. നിങ്ങളുടെ കുട്ടി നല്ല ശുചിത്വ ശീലങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നന്നായി കൈകൾ കഴുകണം. നിങ്ങളുടെ കുട്ടിക്ക് കഴുകാത്ത പഴങ്ങളും പച്ചക്കറികളും നൽകരുത്. ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളമാണ് കുട്ടി കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
(മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ നാട്ടറിവുകളും പാരമ്പര്യ അറിവുകളുമാണ്. ഒരു ഡോക്ടറുടെ മേൽനോട്ടത്തിലും ഉപദേശത്തിലും മാത്രം ചികിത്സ തേടുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...