കുളവും പാടവും കുന്നിൻ ചെരിവും;കാസർകോട്ടെ ഫാം പത്തായപ്പുര, കാണാനുണ്ട് ഒരുപാട്
പ്രധാന കവാടം കടന്ന് ഫാമിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് മുന്നൂറിൽപ്പരം വ്യത്യസ്ത ഇനം കാട്ടുമരങ്ങൾ, നിരവധി നാട്ടു മരങ്ങൾ, കാട്ടുവള്ളികൾ, ഫലവൃക്ഷങ്ങൾ എന്നിവ തിങ്ങി വളരുന്ന മിയാവാക്കി ഫോറെസ്റ്റും, ഫ്രൂട്ട് ഫോറസ്റ്റും ആണ്
കാസർഗോഡ് ജില്ലയിൽ മടിക്കൈ പഞ്ചായത്തിൽ കാരക്കോട് എന്ന സ്ഥലത്താണ് "ഫാം പത്തായപ്പുര" സ്ഥിതി ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിയ പരിശീലന പരിപാടികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയതാണ് ഫാം പത്തായപുര. പ്രധാന കവാടം കടന്ന് ഫാമിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് മുന്നൂറിൽപ്പരം വ്യത്യസ്ത ഇനം കാട്ടുമരങ്ങൾ, നിരവധി നാട്ടു മരങ്ങൾ, കാട്ടുവള്ളികൾ, ഫലവൃക്ഷങ്ങൾ എന്നിവ തിങ്ങി വളരുന്ന മിയാവാക്കി ഫോറെസ്റ്റും, ഫ്രൂട്ട് ഫോറസ്റ്റും ആണ്. ഫോറസ്റ്റിന്റെ നടുവിലായി ഒരു ബാംബു ഹട്ടും ഒരുക്കിയിട്ടുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയാണ് ഫോറസ്റ്റ് തയ്യാറാക്കിയത്.
താഴേക്ക് വരുമ്പോൾ മലബാറി, ജമ്നാപ്യാരി എന്നീ ഇനങ്ങളിൽ 45 ൽ പരം ആടുകളെ വളർത്തുന്ന കൂടും ആടുകൾക്ക് മതിച്ചു ഉല്ലസിക്കുവാൻ ജൈവവേലി യിൽ തീർത്ത അംഗൻവാടിയും ഒരുക്കിയിട്ടുണ്ട്. താഴോട്ട് ഇറങ്ങിയാൽ ഇടതുവശത്തായി ഒരു പർണശാല ആണ് നിങ്ങളെ വരവേൽക്കുന്നത്. ആൽത്തറ ആൽ, പേരാല്, വള്ളിക്കുടിൽ ഉം അടങ്ങുന്ന ചെറിയ ഒരു പാർക്ക് പോലെ തോന്നാം.
വലതുവശത്തായി നോക്കിയാൽ കുന്നിൻ ചെരുവ് വെട്ടി നിരപ്പാക്കി തട്ടുതട്ടായി തീർത്ത നെൽപ്പാടവും അതിന്റെ അരികുകളിൽ മണ്ണൊലിപ്പ് തടയുക എന്ന ഉദ്ദേശത്തോടെ നട്ടു പിടിപ്പിച്ച 1000ത്തിലധികം പൈനാപ്പിളും നിങ്ങൾക്ക് തൊട്ടറിയാം. നേരെ മുന്നോട്ടു നോക്കിയാൽ കോൺക്രീറ്റ് തൂണുകളിൽ കയറി വളരുന്ന ഡ്രാഗൺ ഫ്രൂട്ട്, സിന്ദൂർ ചെമ്പരത്തി വരിക്ക എന്നിവയാണ്. വലതുവശം തിരിഞ്ഞ് മുകളിലോട്ട് നടക്കുമ്പോൾ ഇടതുവശം വിവിധയിനം പ്ലാവുകളും വലതുവശം അറുന്നൂറോളം വിയറ്റ്നാം ഏർലി ജാക്ക് നിറയെ ചക്ക നിൽക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും.
വീണ്ടും നടന്നു കുന്നിൻ മുകളിൽ എത്തിയാൽ ഭൂ നിരപ്പിനു താഴെ ഏകദേശം എട്ട് ലക്ഷം ലിറ്റർ വെള്ളം നിറഞ്ഞിരിക്കുന്ന ജലസംഭരണിയിൽ കറ്റ്ലാ ഗിഫ്റ്റ് തുടങ്ങിയ മത്സ്യങ്ങൾ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത് കൺകുളിർക്കുന്ന കാഴ്ചയാണ്. ഈ ടാങ്കിൽ നിന്നാണ് കൃഷിക്കാവശ്യമായ വെള്ളം മുഴുവനും എടുക്കുന്നത്. താഴോട്ട് വരുമ്പോൾ വാഴ, മാവ്, പ്ലാവ് ഇടയിൽ പുല്ല് വെച്ചുപിടിപ്പിച്ചത് കാണാം. പിന്നീട് തെങ്ങിൻതോട്ടം കവുങ്ങിൻ തോട്ടം ഒപ്പം ഇടവിളയായി ജാതിക്ക കുരുമുളക് കൊക്കോ എന്നിവ കൃഷി ചെയ്യുന്നു. ഫാംമിന്റെ അതിരു തീർക്കുന്നത് ഏകദേശം 10 മീറ്റർ വീതിയുള്ള നല്ല നീരൊഴുക്കുള്ള തോടാണ്.
പിന്നീട് നാം കാണുന്നത് ഗോശാലയാണ്. കാസർഗോഡ് കുള്ളൻ, ഗിർ,ജേർസി, എച്ച് എഫ് ക്രോസ് ഇനങ്ങളിലായി പശുക്കളെയും അവരുടെ കുഞ്ഞുങ്ങളെയും ആണ്. ഹൈടെക് രീതിയിലുള്ള ഫാം ആണ് ഇവിടെ കാണാൻ പറ്റുക. തൊട്ടുതാഴെ നവീന രീതിയിൽ തയ്യാറാക്കിയ മത്സ്യകൃഷിയും, പച്ചക്കറി കൃഷിയും ഒരുമിച്ച് നടത്തുന്ന അക്വാപോണിക്സ് കൃഷിരീതി യും അതിന്റെ പിന്നിൽ ആയി വർഷംമുഴുവൻ പച്ചക്കറി കൃഷി ചെയ്യുന്ന മഴ മറയും കാണാം.
അക്വാഫോണിക്സ് ഇൽ നിന്നും ഇറങ്ങിയാൽ റോഡിന്റെ എതിർവശത്തായി കാണുന്ന ഒരു ഭാഗം വെട്ടുകല്ലിൽ പടവുകൾ തീർത്ത സ്പടികം പോലെ തെളിനീരുള്ള പത്മതീർത്ഥക്കുളത്തിൽ ഉള്ള നീരാട്ട് ഏവർക്കും മനസിനും ശരീരത്തിനും കുളിർമ നൽകും എന്ന് ഉറപ്പാണ്.
വീണ്ടും മുന്നോട്ടു നീങ്ങിയാൽ നാലഞ്ച് കൽപ്പടവുകൾ കയറി വൃത്താകൃതിയിൽ ഹൈടെക് രീതിയിൽ 10000 ൽ പരം മത്സ്യങ്ങളെ വളർത്താനുതകുന്ന ബയോ ഫ്ലോക്സിൽ നിറയെ മീനുകളെ കാണാം. പിന്നീട് നാം കാണുന്നതാണ് 50 സെന്റിൽ പണികഴിപ്പിച്ച മത്സ്യക്കുളം അതിൽ താറാവുകളും മണിത്താറാവുകകളും നീന്തി തുടിക്കുന്നു.
തിരിച്ചു പത്തായപ്പുര യിലേക്ക് നടക്കുമ്പോൾ വലതുവശത്തായി ഫാമിലെ പണിക്കാരുടെ താമസസ്ഥലവും ഭക്ഷണശാലയും ആണ് കാണുന്നത്. പിന്നീട് പലതരത്തിലുള്ള കൂടുകളിൽ നാടൻ- ഗിരിരാജ- ഗ്രാമശ്രീ തുടങ്ങി വിവിധ ഇനം കോഴികൾ ഉണ്ട്.ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള നാലു മുറികൾ ഹോംസ്റ്റേയ് ആയി ഉപയോഗിക്കുന്നു. വീട്ടിൽ തനത് നാടൻ വിഭവങ്ങളും ഫാമിലെ കൃഷിയിടത്തിൽ വിളയിച്ചെടുത്തവയുമുണ്ട്.
ചക്ക, പൈനാപ്പിൾ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോർട്ട, ആകാശവെള്ളരി, പപ്പായ തുടങ്ങിയ പഴങ്ങളും സംസ്കരിച്ചത് അല്ലാത്തതുമായ ഉൽപ്പന്നങ്ങളും, പച്ചക്കറികൾ കൃഷി ചെയ്ത് കൊയ്തെടുത്ത രക്തശാലി അരിയുടെ ചോറ് ഉൾപ്പെടെയുള്ള ഭക്ഷണവും ആസ്വദിക്കാം.വീടിനുചുറ്റും ആയി തേനീച്ചപ്പെട്ടി കളും മരങ്ങളും ഇതിൽ പ്രതിപാദിക്കാത്ത വിവിധയിനം മരങ്ങളും, പാഷൻ ഫ്രൂട്ടും ആകാശവെള്ളരിയും പന്തലിൽ പടർന്നു കയറിയത് ഫാമിന്റെ ആകർഷണത്വം വർദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...