കാഴ്ചയില്ലാത്ത ലോകത്ത് പോയി ഭക്ഷണം കഴിക്കണോ? വ്യത്യസ്ത അനുഭവം ഒരുക്കുന്ന ‘ഡയലോഗ് ഇൻ ദ് ഡാർക്ക്`
അതിഥികളെ റസ്റ്റോറന്റിന്റെ ഉള്ളിലേക്ക് നയിക്കാനായി ജീവനക്കാരുണ്ടാകും. ഇവിടെയുള്ള ജീവനക്കാരിൽ പലരും ജന്മനാ കാഴ്ചശക്തി ഇല്ലാത്തവരാണ്. മുന്നിൽ നിറയുന്ന ഇരുട്ടിന്റെ ലോകമാണ് പിന്നീട് അതിഥികളെ കാത്തിരിക്കുന്നത്.
വല്ലപ്പോഴുമെങ്കിലും പുറത്തു പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകില്ലേ? രുചികരമായ ഭക്ഷണം എന്നതിലുപരി വ്യത്യസ്തമായ അന്തരീക്ഷത്തിലിരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും. അത്തരത്തിൽ ഭക്ഷണം വ്യത്യസ്ത അനുഭവമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന റസ്റ്റോറന്റ് ആണ് ഹൈദരാബാദിലെ ‘ഡയലോഗ് ഇൻ ദ് ഡാർക്ക്. രുചികരമായ ഭക്ഷണത്തിനൊപ്പം വ്യത്യസ്തമായ ഒരു അനുഭവം കൂടിയാണ് ഈ റസ്റ്റോറൻറ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
സാധാരണയായി ഒരു ഭക്ഷണ വിഭവം നമ്മൾ ആദ്യം ആസ്വദിക്കുക കണ്ണുകൾ കൊണ്ടാകും. എന്നാൽ കണ്ണിലൂടെയല്ലാതെ ഭക്ഷണത്തെ രുചിയിലൂടെയും മണത്തിലൂടെയും മാത്രം അറിയുക എന്ന അനുഭവമാണ് ഈ ഭക്ഷണശാല നൽകുന്നത്. അതായത് ഇവിടെ ഭക്ഷണം വിളമ്പുന്നത് കൂരിരുട്ടിലാണെന്ന് അർത്ഥം. കാഴചയില്ലാത്തവരുടെ ലോകം മനസിലാക്കാനും അവസരം ഒരുക്കുകയാണ് ഇവിടെ. ജർമൻ ആശയമാണ് ഇതിനായി ഇവർ പിന്തുടരുന്നത്.
റസ്റ്റോറന്റിലെത്തി അതിന്റെ പ്രവേശന കവാടത്തിലുള്ള കൗണ്ടറിൽ പ്രവേശന ഫീസ് അടയ്ക്കുമ്പോൾ അതിഥികൾക്ക് റസ്റ്റോറന്റ് അധികൃതർ ഒരു ലോക്കർ കീ നൽകും. അതിഥികളുടെ കൈയിലുള്ള വസ്തുക്കളെല്ലാം ഈ ലോക്കറിൽ സൂക്ഷിക്കണം. വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ വെളിച്ചമുള്ള വസ്തുക്കളുമായി റസ്റ്റോറന്റിനുള്ളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല. ലോക്കറിൽ സാധനങ്ങൾ വച്ചു പൂട്ടി താക്കോലുകൾ അവരവർക്കു തന്നെ സൂക്ഷിക്കാം.
അതിഥികളെ റസ്റ്റോറന്റിന്റെ ഉള്ളിലേക്ക് നയിക്കാനായി ജീവനക്കാരുണ്ടാകും. ഇവിടെയുള്ള ജീവനക്കാരിൽ പലരും ജന്മനാ കാഴ്ചശക്തി ഇല്ലാത്തവരാണ്. മുന്നിൽ നിറയുന്ന ഇരുട്ടിന്റെ ലോകമാണ് പിന്നീട് അതിഥികളെ കാത്തിരിക്കുന്നത്. പ്രവേശന കവാടത്തിൽ ഒരു ബാസ്കറ്റിൽ കുറേയധികം വാക്കിങ് സ്റ്റിക്കുകളുണ്ടാകും. ഈ സ്റ്റിക്കുകൾ എടുത്തു കൊണ്ട് വേണം അതിഥികൾ ഭക്ഷണശാലയിലേക്ക് പ്രവേശിക്കേണ്ടത്. പ്രവേശന കവാടം പിന്നിട്ടാൽ കൂരിരുട്ടും അതിൽ മുഴങ്ങുന്ന പശ്ചാത്തല സംഗീതവും അതിഥികളെ വരവേൽക്കും.
വെളിച്ചത്ത് നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് കടക്കുമ്പോൾ കാഴ്ച നഷ്ടമായത് പോലെയുള്ള അനുഭവമാണ് അതിഥികൾക്ക് ഉണ്ടാകുന്നത്. എട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് റസ്റ്റോറന്റിൽ പ്രവേശനമുണ്ടാകില്ല. ഉള്ളിൽ കയറിയ ശേഷം ജീവനക്കാർ അതിഥികളെ നിരനിരയായി നിർത്തുന്നു, ശേഷം അതിഥികളുടെ കൈകൾ മുന്നിൽ നിൽക്കുന്ന ആളുടെ തോളിൽ വയ്ക്കും. തുടർന്ന് പരിചിതമല്ലാത്ത വഴിയിലൂടെ ശബ്ദങ്ങളെ സൂക്ഷ്മതയോടെ ശ്രവിച്ച് വ്യത്യസ്തമായ മണങ്ങൾ തിരിച്ചറിഞ്ഞ് കാഴ്ചയല്ലാതെ മറ്റ് ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ചുറ്റുമുള്ള ലോകത്തെ മനസിലാക്കി മുന്നോട്ടു പോകണം. വഴിയിൽ ഷേക്കിങ് ബ്രിജ് പോലെ ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ടാകും.
വ്യത്യസ്തമായ ഈ അനുഭവങ്ങൾ ആസ്വദിച്ച് ഭക്ഷണശാലയുടെ ഉള്ളിലെത്തുന്നതോടെ ഡൈനിങ് സെറ്റിങ്ങിലേക്കു അതിഥികളെ ജീവനക്കാർ സ്വീകരിക്കുന്നു. തുടർന്ന് അതിഥികളുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വെജ്–നോൺ വെജ് വിഭവങ്ങൾ മുന്നിലെത്തുന്നു. ഭക്ഷണം മേശയിൽ എത്തിക്കുന്നതും അതിഥികൾ കഴിക്കുന്നതുമെല്ലാം ഈ കൂരിരിട്ടിലിരുന്നാണ്. ഭക്ഷണം അതിഥികൾക്കു മുന്നിലെത്തിക്കുന്ന ജീവനക്കാർ ചിലപ്പോൾ ജന്മനാ കാഴ്ച ശക്തി ഇല്ലാത്തവരാകും. കണ്ണു കൊണ്ട് കാണാതെ ഭക്ഷണത്തിന്റെ നിറമോ രൂപമോ അറിയാതെ ഭക്ഷണവും പാനീയങ്ങളും രുചിച്ചും മണത്തും ആസ്വദിക്കാം. ശബ്ദം കൊണ്ടുമാത്രം ആശയവിനിമയം നടത്താം. തികച്ചും വ്യത്യസ്തമായ ഒരു ഡൈനിങ് അനുഭവം തന്നെയാണ് ഡയലോഗ് ഇൻ ദ് ഡാർക്ക് അതിഥികൾക്ക് സമ്മാനിക്കുന്നത്.
ഭക്ഷണത്തിന് ശേഷം ജീവനക്കാർ അതിഥികളെ റസ്റ്റോറന്റിന്റെ പുറത്തേക്ക് എത്തിക്കുന്നു. പ്രധാന വാതിലിലൂടെ പുറത്തേക്ക് എത്തുമ്പോൾ അതുവരെയുണ്ടായിരുന്ന ഇരുട്ടിനെ കീറിമുറിച്ച് കാഴ്‌ചയുടെ വർണ്ണാഭമായ ലോകം മുന്നിൽ തുറക്കുന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നാണ് പഴമൊഴി. എന്നാൽ കാഴ്ച എന്ന വലിയ അനുഗ്രഹത്തെ അറിയാനും മനസിലാക്കാനും ഒപ്പം ഈ ലോകത്തെ വർണ്ണാഭമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയാത്തവരുടെ വിഷമതകൾ മനസിലാക്കാനും ഈ കുറച്ചു സമയത്തിനുള്ളിൽ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...