കോവിഡ് ബാധ  സ്ത്രീകളെക്കാള്‍  പുരുഷന്‍മാരെയാണ് കൂടുതലായും ബാധിക്കുന്നത്  എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതോടെ, എന്താണ് കോവിഡിനെ ചെറുക്കുവാന്‍ സ്ത്രീകളെ സഹായിക്കുന്നത്  എന്നതായി പഠന വിഷയം. സ്ത്രീകളിലെ പ്രതിരോധശക്തി പുരുഷന്‍മാരിലേതിനേക്കാള്‍ ശക്തമാണെന്നായിരുന്നു പ്രാഥമിക പഠനങ്ങള്‍ തെളിയിച്ചത്. 


എന്നാല്‍, അടുത്തിടെ  പുറത്തുവന്ന പഠനങ്ങള്‍  വ്യക്തമാക്കുന്നത്  മറ്റൊരു വസ്തുതയാണ്.   


കോവിഡിനോട് പൊരുതാന്‍ സ്ത്രീകളെ  സഹായിക്കുന്നത് സെക്സ് ഹോര്‍മോണ്‍   (Sex Hormone)ആണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  കോവിഡ് സ്ത്രീകളെ വലിയ രീതിയില്‍ ബാധിക്കാത്തതിന് കാരണം സ്ത്രീകളിലെ Sex Hormone ആയ ഈസ്ട്രജന്‍ (Estrogen)ആണെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ലണ്ടനിലെ ഗവേഷകര്‍.  ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ  പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.


മുന്‍പ് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത പകര്‍ച്ചവ്യാധികളായ സാര്‍സ് (SARS-CoV), മെര്‍സ് എന്നി മുന്‍‌കാല കോവിഡ് വൈറസുകളെ കുറിച്ചുള്ള പഠനങ്ങള്‍ പുതിയ പഠനവുമായി ചേര്‍ത്തുവച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. സ്ത്രീകളിലെ പ്രധാന ലൈംഗിക പ്രത്യുത്പാദന ഹോര്‍മോണുകളാണ് ഈസ്ട്രജന്‍,   പ്രോജസ്‌ട്രോണ്‍  എന്നിവ. 


ഇതില്‍ ഈസ്ട്രജന്‍ സ്ത്രീകളില്‍  രോഗപ്രതിരോധ കോശങ്ങളുടെ  ഉത്‌പാദനത്തിനും  അണുബാധകളോട് പ്രതികരിയ്ക്കുന്നതിനും സഹായിക്കുന്നു. ഇതാണ് സ്ത്രീകളെ കോവിഡില്‍ നിന്ന് ഒരു പരിധിവരെ രക്ഷിയ്ക്കുന്നതെന്നാണ് പഠനം പറയുന്നത്.


ഒപ്പം,  ആര്‍ത്തവവിരാമത്തിന്‍റെ  അവസ്ഥ, സംയോജിത ഓറല്‍ ഗര്‍ഭനിരോധന ഗുളികകളുടെയും (സിഒസിപി) എച്ച്‌ആര്‍ടിയുടെയും ഉപയോഗം, കോവിഡ് ലക്ഷണങ്ങള്‍ എന്നിവ ഗവേഷകര്‍ പഠന വിധേയമാക്കി. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍, (പ്രത്യേകിച്ച്‌ 45-50 വയസ്സിനിടയില്‍) മറ്റ് സ്ത്രീകളേക്കാള്‍ കോവിഡ് -19 ന് സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക്  ഈസ്ട്രജന്‍  ചികിത്സ നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.