സ്പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവർക്കുള്ള തുടർ ചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ് ആറ് വയസ് വരെയുള്ള കുട്ടികൾക്ക് മാത്രം നൽകിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കി ഉയർത്തിയിരുന്നു. ആറ് വയസിന് മുകളിലുള്ള 23 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. ഇതുൾപ്പെടെ 12 വയസുവരെയുള്ള ആകെ 80 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. ഒരു ഡോസിന് ആറ് ലക്ഷത്തോളം വിലയുള്ള മരുന്നുകളാണ് സൗജന്യമായി നൽകിയത്.


ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ മറ്റ് അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായ എസ്.എ.ടി. ആശുപത്രി വഴി 50 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് വരുന്ന മരുന്ന് നൽകി വരുന്നതായും മന്ത്രി പറഞ്ഞു.


അപൂർവരോഗ ചികിത്സയിൽ ഈ സർക്കാർ നിർണായക ചുവടുവയ്പ്പാണ് നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂർവ രോഗത്തിനുള്ള മരുന്നുകൾ സർക്കാർ തലത്തിൽ സൗജന്യമായി നൽകാൻ ആരംഭിച്ചത്. അപൂർവ രോഗങ്ങൾക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി കെയർ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെ ഉൾപ്പെടെ ധനസഹായം കണ്ടെത്തി ചികിത്സാ പദ്ധതി വ്യാപിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ രാജ്യത്ത് ആദ്യമായി അപൂർവ രോഗ ചികിത്സയിൽ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയും നടപ്പിലാക്കി.


അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു.


ഇതുവരെ അഞ്ച് ശസ്ത്രക്രിയകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജുകളിൽ സൗജന്യമായി ചെയ്യുന്നത്. എസ്.എ.ടി. ആശുപത്രിയിൽ ജെനറ്റിക്സ് വിഭാഗവും ആരംഭിച്ചു.


അപൂർവ രോഗ ചികിത്സയിലെ മികവിന്റെ കേന്ദ്രമായ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസ രോഗ വിഭാഗം, ഓർത്തോപീഡിക് വിഭാഗം, ഫിസിക്കൽ മെഡിസിൻ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം അപൂർവ രോഗം ബാധിച്ചവർക്കായി ഒരു കുടക്കീഴിൽ ലഭ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.