​ഗ്രീൻ ടീ കുടിച്ചാൽ ആരോ​ഗ്യത്തിന് പല ​ഗുണങ്ങളും ഉണ്ടെന്ന് പറയാറുണ്ട്. പെട്ടെന്ന് തടി കുറയ്ക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഊർജം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർ ഗ്രീൻ ടീ കുടിക്കണമെന്നാണ് പറയപ്പെടുന്നത്. ഗ്രീൻ ടീ കുടിച്ചാൽ ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെന്ന കാര്യത്തിൽ ത‍ർക്കമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രീൻ ടീ കുടിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഗ്രീൻ ടീ ഫലപ്രദമാണ്.  ഇതോടൊപ്പം ക്യാൻസർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാൽ പല‌ർക്കും ​ഗ്രീൻ ടീ  കുടിക്കുന്നതിനുള്ള ശരിയായ മാർഗം അറിയില്ല എന്നതാണ് വസ്തുത. അതിനാൽ ഗ്രീൻ ടീ കുടിക്കുമ്പോൾ ചില തെറ്റുകൾ സംഭവിച്ചേക്കാം. 


ALSO READ: ക്യാന്‍സറിനെ ചെറുക്കും ഈ സൂപ്പര്‍ ഫുഡ്സ്


ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്രീൻ ടീ കുടിക്കുമ്പോൾ ഈ തെറ്റുകള് ചെയ്യരുത്...


1. അമിതമായാൽ അമൃതും വിഷം


ഗ്രീൻ ടീ കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാം. അതിനാൽ തന്നെ ചിലർ ഇത് അമിതമായി കുടിക്കാറുണ്ട്. അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഗ്രീൻ ടീ അമിതമായാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് ആവശ്യമുള്ളപ്പോൾ മാത്രം ഗ്രീൻ ടീ കുടിക്കുക. ഗ്രീൻ ടീ അമിതമായി കുടിച്ചാൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. 


2. ഗ്രീൻ ടീ കുടിക്കാൻ ഒരു പ്രത്യേക സമയമുണ്ട് 


ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ രാത്രിയിൽ ഇത് കുടിക്കാൻ പാടില്ല. ഗ്രീൻ ടീ രാത്രിയിൽ കുടിച്ചാൽ അത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.  അതുകൊണ്ടാണ് രാത്രിയിൽ ഗ്രീൻ ടീ കുടിക്കരുത് എന്ന് പറയുന്നത്. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിക്കണം. 


3. വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത് 


ചിലർക്ക് രാവിലെ എഴുന്നേറ്റ ഉടൻ ചായ കുടിക്കുന്ന ശീലമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ചിലർ ചായയ്ക്ക് പകരം ആരോ​ഗ്യ ​ഗുണങ്ങൾക്ക് വേണ്ടി ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കാറുണ്ട്. രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഗ്രീൻ ടീയിൽ ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിൽ ആസിഡ് ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കാൻ പാടില്ല. 


4. ഭക്ഷണം കഴിച്ചയുടൻ ഗ്രീൻ ടീ കുടിക്കരുത് 
 
എന്തെങ്കിലും കഴിച്ചയുടൻ ഗ്രീൻ ടീ കുടിക്കുന്നത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് പോഷകങ്ങൾ ലഭിക്കുന്നത് ഇത് തടയുന്നു. ഭക്ഷണത്തിന് ശേഷം ഉടൻ ഗ്രീൻ ടീ കുടിക്കുന്നത് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയും. ഇത് അനീമിയ എന്ന പ്രശ്‌നത്തിന് കാരണമാകുന്നു. ഭക്ഷണം കഴിച്ച് 1 - 2 മണിക്കൂർ കഴിഞ്ഞ് ഗ്രീൻ ടീ കുടിക്കുന്നതു കൊണ്ട് പ്രശ്നമില്ല. 


5. ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കരുത്


ചിലർ ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യരുത്. ​ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നത് ചായയുടെ രുചി നശിപ്പിക്കുന്നു. എപ്പോഴും പുതിയ ടീ ബാ​ഗുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.