മിഴാവ് താളത്തിലെ നൃത്ത സപര്യകളും; അഭിനയത്തിന്റെ അമ്മക്കലയും
പൈതൃക കലയായി യുണെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ കലാരൂപംകൂടിയാണിത്
പന്ത്രണ്ടാം വയസിൽ മിഴാവ് താളത്തിനൊത്ത് നങ്ങ്യാർക്കൂത്തിൻറെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയതാണ് മധുരിമ. ഇന്നത് വെറും കലക്കപ്പുറം ഒരു ഉപാസന കൂടിയാണ്. കേന്ദ്രസർക്കാർ ബാലപ്രതിഭകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ബാലശ്രീയും പിന്നീട് മധുരിമയെ തേടിയെത്തി.
അഭിനയത്തിന്റെ അമ്മക്കലയാണ് കൂടിയാട്ടം. പൈതൃക കലയായി യുണെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ കലാരൂപംകൂടിയാണിത്. പുരുഷൻമാർ വേഷം കെട്ടിയാടുന്നത് ചാക്യാർകൂത്ത് ,സ്ത്രീകളാടിയാൽ നങ്ങ്യാർകൂത്ത്,പിന്നെ കൂട്ടം കൂടിയാടിയാൽ അത് കൂടിയാട്ടവും ഒാരോന്നും ഗുരുമുഖത്ത് നിന്നും പഠിച്ച് അരങ്ങേറ്റം കുറിക്കാൻ ചുരുങ്ങിയ സമയം മാത്രമെ വേണ്ടി വന്നുള്ളു.
ചെറുപ്പത്തിലെ തോന്നിയ കലയോടുള്ള അഭിനിവേശമാണ് ക്ഷേതകലകളിലേക്കുള്ള മധുരിമയുടെ പ്രവേശനം. മകളെ ക്ഷേത്ര കലകൾ പഠിപ്പിക്കണമെന്ന് അച്ഛൻ മുരളി കോട്ടയ്ക്കകത്തിനും വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാർഗിയിൽ ചേർന്നു. 2018 ൽ നങ്ങ്യാർ കൂത്തിൽ അരങ്ങേറ്റം കുറിച്ചു.എന്നിരുന്നാലും മധുരിമ മാർഗിയിലെ പഠനം നിർത്തിയില്ല. നങ്ങ്യാർകൂത്ത് പഠനം ഇപ്പോഴും തുടരുകയാണ് ഈ 21 കാരി.
നടിയും പ്രശസ്ത നർത്തകിയുമായ ഡോ.താര കല്യാണിനു കീഴിൽ കുട്ടിക്കാലം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു.ഭരതനാട്യ അരങ്ങേറ്റവും താര കല്യാണിനു കീഴിൽ തന്നെയാണ് നടത്തിയത്. ഇതിനിടയിൽ പ്രശ്ത വീണാ വിദൂഷി മായാവർമയുടെ ശിക്ഷണത്തിൽ വീണാവാദനവും പഠിച്ചു വരുന്നു.ഒപ്പം നേമം അഗസ്ത്യ കളരിപ്പയറ്റ് കേന്ദ്രത്തിൽ കളരിപ്പയറ്റും അഭ്യസിക്കുന്നുണ്ട് ഈ കലാകാരി.
വഴുതക്കാട് വനിതാകോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ് മധുരിമ. പഠനത്തിലും ഒട്ടും പിന്നിലല്ല ഈ പ്രതിഭ.പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസും പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയാണ് വിജയം.ഒരിടത്തൊരു ആൺകുട്ടി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് സത്യജിത് റോയ് ഫിലിം സൊസൈറ്റിയുടെയും ജഡായുരാമ കൾച്ചറൽ സൊസൈറ്റി എന്നിവയുടെയും പുരസ്കാരം കരസ്ഥമാക്കിയിറ്റുണ്ട്.
ദേവസ്വം ബോർഡ് മുൻ പിആർഒ മുരളി കോട്ടയ്ക്കകത്താണ് മധുരിമയുടെ അച്ഛൻ, അമ്മ കെ ബി മീനാംബിക സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യാണ്. സഹോദരൻ മിഥുൻ മുരളി 2021-ൽ പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരനുളള പുരസ്കാരം നേടിയിടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...