'ചെള്ളു പനി' എന്നറിയപ്പെടുന്ന സ്‌ക്രബ് ടൈഫസ് രോഗം ബാധിച്ച് കേരളത്തിൽ ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 ദിവസമായി രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബിത (39) ഞായറാഴ്ച രാവിലെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്‌ക്രബ് ടൈഫസ് ബാധിച്ച് അശ്വതി എന്ന പതിനഞ്ചുകാരി മരിച്ചു. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് സ്‌ക്രബ് ടൈഫസ് രോഗം ബാധിച്ച് അശ്വതി മരിച്ചത്. അശ്വതിയുടെ മരണത്തെ തുടർന്ന് വർക്കലയിൽ പ്രത്യേക മെഡിക്കൽ സംഘം സന്ദർശനം നടത്തണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. എന്നാൽ, സംസ്ഥാന ആരോഗ്യവകുപ്പ് മുൻകരുതലെടുത്തതിന് ശേഷവും രണ്ടാമത്തെ മരണം സംഭവിച്ചത് ആരോഗ്യപ്രവർത്തകരുടെയും ആരോ​ഗ്യവകുപ്പിന്റെയും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് സ്‌ക്രബ് ടൈഫസ്?
ഒറിയന്റിയ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് സ്‌ക്രബ് ടൈഫസ്. ചെള്ളുകളിൽ നിന്ന് എലി, അണ്ണാൻ, മുയൽ, നായ എന്നിവയ്ക്കും ഇവയിൽ നിന്ന് മനുഷ്യരിലേക്കും രോ​ഗം പകരുന്നു. തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ, ചൈന, ജപ്പാൻ, ഇന്ത്യ, വടക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് സ്‌ക്രബ് ടൈഫസിന്റെ മിക്ക കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.


സ്‌ക്രബ് ടൈഫസിന്റെ ലക്ഷണങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പഠനങ്ങളിൽ വ്യക്തമാക്കുന്നത് പ്രകാരം, സ്‌ക്രബ് ടൈഫസിന്റെ ലക്ഷണങ്ങൾ സാധാരണയായി രോ​ഗം ബാധിച്ച് 10 ദിവസത്തിനുള്ളിലാണ് പ്രകടമായി തുടങ്ങുന്നത്. സ്‌ക്രബ് ടൈഫസിന്റെ സാധാരണ ലക്ഷണങ്ങൾ പനി, തലവേദന, ശരീരവേദന, ചുണങ്ങ് എന്നിവയാണ്. രോ​ഗം ​ഗുരുതരമാകുന്നത് ഓർമ്മ നഷ്ടം മുതൽ കോമ വരെയുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. മറ്റ് ഗുരുതരമായ അസുഖമുള്ള ആളുകൾക്ക് അവയവങ്ങളുടെ തകരാറും രക്തസ്രാവവും ഉണ്ടാകാം. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിലേക്ക് നയിക്കും.


ALSO READ: Scrub Typhus : സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; ആകെ മരണം 2 ആയി


രോഗനിർണയവും പരിശോധനയും
സ്‌ക്രബ് ടൈഫസിന്റെ ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങൾക്ക് സമാനമാണ്. സ്‌ക്രബ് ടൈഫസ് കണ്ടെത്തിയ സ്ഥലങ്ങളിൽ ഉണ്ടായതിന് ശേഷം പനി, തലവേദന, ശരീരവേദന, ചർമ്മത്തിൽ തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ എവിടേക്കാണ് എപ്പോഴാണ് യാത്ര ചെയ്തതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ഡോക്ടറോട് കൃത്യമായി പറയുക. 
രോ​ഗ നിർണയത്തിനായി രക്തപരിശോധനയ്ക്ക് നിർദേശിച്ചേക്കാം. ലബോറട്ടറി പരിശോധനയും ഫലങ്ങളും വൈകിയേക്കാമെന്നതിനാൽ ഫലങ്ങൾ ലഭ്യമാകുന്നതിന് മുമ്പ് ചികിത്സ ആരംഭിച്ചേക്കാം.


സ്‌ക്രബ് ടൈഫസിന്റെ ചികിത്സ


സ്‌ക്രബ് ടൈഫസ് ആന്റിബയോട്ടിക് ഡോക്‌സിസൈക്ലിൻ ഉപയോഗിച്ചാണ് ചികിത്സിക്കേണ്ടത്. ഏത് പ്രായത്തിലുള്ളവർക്കും ഡോക്സിസൈക്ലിൻ ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ ചികിത്സ നൽകിയാൽ ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണ്. ഡോക്സിസൈക്ലിൻ ഉപയോഗിച്ച് വേ​ഗത്തിൽ ചികിത്സ ലഭിക്കുന്ന ആളുകൾ സാധാരണയായി വേഗത്തിൽ സുഖം പ്രാപിക്കുന്നു.


പ്രതിരോധം
സ്‌ക്രബ് ടൈഫസ് തടയാൻ വാക്‌സിൻ ലഭ്യമല്ല. രോഗബാധിതരായ മൃ​ഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക. സ്‌ക്രബ് ടൈഫസ് കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.