World Lung Cancer Day 2023: ഇന്ന് ലോക ശ്വാസകോശാർബുദ ദിനം: ഈ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടോ?
Signs and symptoms of lung cancer: ശക്തമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം തുപ്പുക എന്നിവ ഇവയുടെ പ്രാരംഭ ലക്ഷണങ്ങൾ ആണ്.
ഇന്ന് ആഗസ്റ്റ് 1ലോക ശ്വാസകോശ കാൻസർ ദിനമായി ആചരിക്കുന്നു. ക്യാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്വയം പരിശോധനയുടെ ആവശ്യകത മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഇത്. പണ്ട് കാലങ്ങളിൽ മനുഷ്യരിൽ വളരെ അപൂർവ്വമായി മാത്രം ബാധിച്ചിരുന്ന ഒരു രോഗമായിരുന്നു ശ്വാസകോശാർബുദം. എന്നാൽ അടുത്തകാലത്തായി ഇത് വളരെ സാധാരണമായി മാറികൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ശ്വാസകോശാർബുദം.
ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയൊക്കെയാണ്
1. വിട്ടുമാറാത്ത ചുമ: കാലക്രമേണ വഷളായേക്കാവുന്ന ഒരു വിട്ടുമാറാത്ത ചുമ. ചില സാഹചര്യങ്ങളിൽ ചുമച്ച് തുപ്പുമ്പോൾ അതിൽ രക്തവും കാണപ്പെടുന്നു.
2. ശ്വാസതടസ്സം: ശ്വാസതടസ്സം അല്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുക, പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളതായി തോന്നുക.
3. നെഞ്ചുവേദന: നെഞ്ചിൽ കഠിനമായ വേദന അനുഭവപ്പെടുക. ചിലപ്പോൾ സ്ഥിരമായി ആ വേദന നിലനിൽക്കുന്നു. ചിലയാളുകളിൽ ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നു.
4. ശരീരഭാരം കുറയൽ: അകാരണമായി ശരീരഭാരം കുറയുന്നത് മറ്റ് രോഗങ്ങൾ എന്ന പോലെ ശ്വാസകോശ അർബുദത്തിന്റയും ലക്ഷണമാണ്.
5. ശരീരത്തിന് വല്ലാത്ത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു.
6. ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലെയുള്ള ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാണ്.
7. ചുമയ്ക്കുമ്പോൾ രക്തം വരുന്നത്.
ALSO READ: മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചിറ്റമൃത് ഇങ്ങനെ ഉപയോഗിക്കാം
ശ്വാസകോശ അർബുദം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നതാണ് യുവാക്കളിൽ ശ്വാസകോശ അർബുദം തടയാൻ പ്രധാനമായും നമ്മൾ ചെയ്യേണ്ടത്. നമ്മുടെ പല മോശമായ ശീലങ്ങലുമാണ് പലപ്പോഴും ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്. അതിനാൽ ചിട്ടയായ ജീവിതശൈലി നയിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. ശ്വാസകോശാർബുദം തടയുന്നതിനായി പ്രധാനമായും ചെയ്യേണ്ടത് പുകവലിയും പുകയില ഉൽപന്നങ്ങളും ഒഴിവാക്കുക എന്നതാണ്. , ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ആണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ അതിലെ അപകട സാധ്യത കുറയ്ക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക.
നിത്യഭക്ഷണത്തിൽ ധാരാളമായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യായാമം നൽകുന്നത് ഇത്തരം രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. അതുപോലെ മദ്യപാനശീലം ഉള്ളവരിലും ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മദ്യപാനം നിയന്ത്രിക്കുക. കൂടാതെ കുടുംബത്തിൽ ആരെങ്കിലും രോഗ ബാധിതരായി ഉണ്ടെങ്കിൽ പതിവായി ആരോഗ്യ വിദഗ്ദനെ കണ്ട് രോഗ സാധ്യത പരിശോധിക്കേണ്ടതാണ്.
2022-ൽ ഇന്ത്യയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.46 ദശലക്ഷമായിരുന്നു ശ്വാസകോശാർബുദം ബാധിച്ചവരുടെ എണ്ണം. ഇത് 2025 ആകുമ്പോഴേക്കും 1.57 ദശലക്ഷമായി ഉയരുമെന്ന് പറയപ്പെടുന്നു. സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യതയേക്കാൾ പുരുഷന്മാർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും, അമിതമായ പുകവലിയും ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളാണ്. മലിനീകരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ആളുകളിലെ പുകവലിപോലുള്ള ദുശീലങ്ങൾ വർദ്ധിച്ചു വരുന്നതിനാലും ഇന്ന് യുവാക്കളിലടക്കം ശ്വാസകോശാർബുദം കണ്ടുവരുന്നു.
എങ്കിലും പ്രായം കൂടിയവരെ അപേക്ഷിച്ച് യുവാക്കളിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രായമായവരുടേതിന് സമാനമാണ് യുവാക്കളിലെയും ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ. പുകവലിക്കുന്നവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നതെന്നും കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഓങ്കോളജി ഡയറക്ടർ ആയ ഡോ. രാജേഷ് മിസ്ത്രി പറയുന്നത്. മുംബൈയിൽ ഇന്ത്യ ഡോട്ട് കോമിനോട് ശ്വാസകോശാർബുദ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറിപ്പ്: നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...