World Sleep Day 2023 : ലോക ഉറക്ക ദിനം 2023; ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം
World Sleep Day 2023 : ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ ദിനം ആചരിക്കുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്.
ഉറക്കത്തെ ആസ്വദിക്കാനും ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനുമാണ് ലോക ഉറക്ക ദിനം ആചരിക്കുന്നത്. കൂടാതെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ ദിനം ആചരിക്കുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. എല്ലാ വർഷവും മാർച്ച് 17 നാണ് ലോക ഉറക്കദിനം ആചരിക്കുന്നത്. ഇന്നത്തെ കാലത്തെ ആരോഗ്യ പൂർണമായ ജീവിതത്തിലെ ഉറക്കത്തിന്റെ പ്രാധാന്യം പലരും മനസിലാക്കുന്നില്ല. അതിനാൽ തന്നെ ആരോഗ്യ പൂർണമായ ജീവിതത്തിലെ ഉറക്കത്തിന്റെ പ്രാധന്യത്തെ കുറിച്ചും ഉറക്കത്തിന്റെ പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആളുകളെ മനസിലാക്കിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്.
2008 മുതലാണ് ലോക ഉറക്ക ദിനം ആചരിക്കാൻ ആരംഭിച്ചത്. മുമ്പ് വേൾഡ് അസോസിയേഷൻ ഓഫ് സ്ലീപ്പ് മെഡിസിൻ (WASM) എന്ന പേരിൽ അറിയപ്പെട്ടിരുന്ന വേൾഡ് സ്ലീപ്പ് സൊസൈറ്റിയാണ് ലോക ഉറക്ക ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകളിൽ ആരോഗ്യപൂർണമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സ്ലീപ്പ് മെഡിസിൻ എന്ന മേഖലയിൽ ഗവേഷണം നടത്തുകയും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു എൻജിഒ ആണ് വേൾഡ് സ്ലീപ്പ് സൊസൈറ്റി.
ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഫിറ്റ്നസ് ഉറപ്പാക്കാൻ മതിയായ ഉറക്കം അത്യാവശ്യമാണ്. മനുഷ്യന് ആവശ്യമായ ഉറക്കത്തിന്റെ അളവ് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്. ഒരു കുഞ്ഞിന് മുതിർന്നവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണ്.
ജോലി തിരക്ക് മൂലം മുതിർന്ന ആളുകൾക്ക് പലപ്പോഴും മതിയായ ഉറക്കം ലഭിക്കാറില്ല. കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ രക്താതിമർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, വിഷാദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ മികച്ച ഉറക്കം ലഭിക്കുകയും ആരോഗ്യം മികച്ചതായി നിലനിർത്താൻ സാധിക്കുകയും ചെയ്യും. രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കൗമാരക്കാർ, മതിയായ ഉറക്കം ലഭിക്കുന്ന സമപ്രായക്കാരേക്കാൾ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാകാനുള്ള സാധ്യത കൂടുതലാണ്. "പഠനം കാണിക്കുന്നത് മിക്ക കൗമാരപ്രായക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല, ഇത് അമിതഭാരവും സ്വഭാവസവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഭാവിയിൽ ഇത്തരക്കാർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും" പഠനത്തിന്റെ രചയിതാവ് ജീസസ് മാർട്ടിനെസ് ഗോമസ് ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...