ന്യൂഡല്‍ഹി: തലസ്ഥാന നഗരിയായഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി.  മരിച്ചവരിൽ ഏറെയും 80 വയസിന്​ മുകളിലുള്ളവരാണ്​. ഇതിന്​ പുറമെ​  ഡെങ്കിപ്പനി, ഉൾപ്പെടെയുള്ള കൊതുക്​ ജന്യ രോഗങ്ങളുടെ ഭീതിയിലാണ്​ ഡൽഹി നഗരം. ഇതോടെ സ്ഥിതിഗതികള്‍ വിശകലം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍, പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ആരോപിക്കുന്നത്. അതേസമയം‍, കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം ഡല്‍ഹി സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രം തിരിച്ചടിച്ചു. എന്നാല്‍, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപ​ത്രികളിൽ ആവശ്യത്തിനുള്ള മരുന്നുകളുണ്ടെന്നും പരിശോധനക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പറഞ്ഞു.


ഇതുവരെയായി 1,057 ചിക്കുന്‍ ഗുനിയ കേസുകളും 1,158 ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത പനിയും സന്ധിവേദനയുമാണ് ചിക്കുന്‍ ഗുനിയയുടെ പ്രധാന ലക്ഷണം. പനി ബാധിച്ചാലുടന്‍ ചികിത്സ തേടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.


കൊതുകുകള്‍ വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജനങ്ങളോട് നിര്‍ദ്ദേശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളാണ് കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കേന്ദ്രം അറിയിച്ചു.