കഞ്ചാവ് കലര്‍ന്നിനി കൊക്കകോള!
കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുടെ പട്ടിക ഓരോ ദിവസവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേർക്കലുകളാൽ നീളുകയാണ്.
ലഹരിയെന്ന നിലയിൽ കാനബിസ് എന്ന ശാസ്ത്രീയ നാമമുള്ള കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുടെ പട്ടിക ഓരോ ദിവസവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേർക്കലുകളാൽ നീളുകയാണ്.
എത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും കഞ്ചാവെന്ന് കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും പേടിയാകും. അങ്ങനെയുള്ളവര്‍ക്കിടയിലേക്ക് കഞ്ചാവിന്‍റെ ഔഷധ ഗുണങ്ങള്‍ ഉപയോഗിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയവുമായി എത്തുകയാണ് സോഫ്റ്റ്‍ഡ്രിങ്ക് രംഗത്തെ ഭീമന്മാരായ കൊക്കകോള.
ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കനേഡിയന്‍ കമ്പനി അറോറ കാന്‍ബിസുമായി പുതിയ പാനീയം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ കൊക്കകോള നടത്തിക്കഴിഞ്ഞു.
അറോറയുമായി ചേര്‍ന്ന് പാനീയ രംഗത്ത് തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കുകയാണ് കൊക്കകോളയുടെ ലക്ഷ്യം. ലഹരിയും മാനസികമായ ഉത്തേജനവും നല്‍കുന്ന കഞ്ചാവിന്‍റെ ഗുണങ്ങള്‍ക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുക.
നാഡീ രോഗങ്ങള്‍, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്. കൂടാതെ, കണ്ണിനുള്ളിലെ സമ്മർദ്ദം കുറക്കാൻ കഞ്ചാവ് സഹായിക്കുന്നുവെന്ന് നേത്ര രോഗ ഗവേഷണ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് ഉപയോഗം രോഗത്തിന്റെ വളർച്ചയുടെ വേഗത കുറയ്ക്കും അങ്ങനെ അന്ധതയെ തടയും. ഗവേഷകർ കണ്ടെത്തിയതനുസരിച്ച് പുകവലിക്കാരുടെ ശ്വാസകോശം കാലം ചെല്ലുമ്പോൾ ക്ഷയിക്കുമ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ശ്വാസകോശ ശേഷി വർദ്ധിക്കുന്നു.
ആരോഗ്യകരമായി ശരീരം നിലനിർത്താൻ സഹായിക്കും വിധം ശരീരത്തിന്റെ ചയാപചയ പ്രക്രിയയെ ആരോഗ്യകരമാക്കാൻ കഞ്ചാവിന് കഴിവുണ്ടെന്ന് അമേരിക്കൽ മെഡിസിൻ ജേണൽ 2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.
മാത്രമല്ല, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ട്. കൊക്കകോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അടുത്ത കാലത്ത് സജീവമായിരുന്നു.
ഇതോടെ, വലിയ തോതില്‍ കമ്പനിയുടെ വില്‍പന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഉത്പന്നത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.