വാഷിംഗ്ടണ്‍: എബോള വൈറസിനെതിരെ കണ്ടെത്തിയ പ്രതിരോധ മരുന്നുകള്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


രോഗം നേരത്തെ കണ്ടെത്താനും മരുന്ന് ഉപയോഗിക്കാനും കഴിഞ്ഞാല്‍ രോഗബാധയുണ്ടായവരില്‍ 90 ശതമാനം പേരെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് യുഎന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്.


ആര്‍ ഇ ജി എന്‍- ഇ ബി 3, എം ബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഈ മരുന്നുകള്‍ ഉപയോഗിച്ചവരില്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി വ്യക്തമാക്കി. 


എബോളയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയ ആദ്യ മരുന്നുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ 2018 ലാണ് എബോളയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണം ആരംഭിച്ചത്. 700 രോഗികളിലായി നാല് മരുന്നുകള്‍ പരീക്ഷിച്ചു. ഇതില്‍ 499 രോഗികളുടെ ഫലമാണ് പുറത്ത്‌വിട്ടിരിക്കുന്നത്.


ആര്‍ ഇ ജി എന്‍- ഇ ബി 3 ഉപയോഗിച്ചവരില്‍ 71 ശതമാനം ആളുകളിലും എംബി 114 ഉപയോഗിച്ചതില്‍ 66 ശതമാനം ആളുകളിലും രോഗബാധ കുറഞ്ഞു വരുന്നതായി കണ്ടെത്തി. ആരംഭത്തില്‍ തന്നെ രോഗലക്ഷണം കണ്ടെത്തി മരുന്ന് ഉപയോഗിച്ചവരില്‍ 94 ശതമാനം പേരും രോഗത്തെ അതിജീവിച്ചു.


കാര്യക്ഷമത കുറവെന്ന് കണ്ടെത്തിയ ഇഡ്‌സ് മാപ്പ്, റെംഡിസിവിര്‍ എന്നീ മരുന്നുകള്‍ ഉപേക്ഷിച്ചതായും എന്‍ ഐ എച്ച് അറിയിച്ചു.