ടാറ്റൂ അടിപൊളിയാ, പക്ഷേ....
ടാറ്റൂവി൦ഗിന് ഉപയോഗിക്കുന്ന നീഡിലുകള്‍ സുരക്ഷിതമല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
എന്ത് രൂപം കിട്ടിയാലും അത് എങ്ങനെ ടാറ്റൂവാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ ന്യൂ ജെൻ തലമുറ.
ദൈവങ്ങള്‍, പങ്കാളിയുടെ പേര്, പൂവ്, പൂമ്പാറ്റ, അക്കങ്ങള്‍, അക്ഷരങ്ങള്‍, സംഗീതോപകരണങ്ങള്‍ അങ്ങനെ കണ്ണില്‍ കണ്ടതെന്തും ശരീരത്തില്‍ ടാറ്റൂ ചെയ്യുകയും ചെയ്യും.
എന്നാല്‍, ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും റിസ്ക്കുകളും ആരും വിലയ്ക്കെടുക്കാറില്ല. ഇലക്ട്രിക് യന്ത്രത്തിന്‍റെ സൂചിമുന ഉപയോഗിച്ച് ത്വക്കിലേക്ക് ടാറ്റു മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റു ചെയ്യുന്നത്.
ശരീരത്തിലെ ഡെര്‍മിസ് പാളിയിലേക്കാണ് ടാറ്റു മഷി പതിപ്പിക്കുന്നത്. ടാറ്റു ചെയ്തതിനു ശേഷം കുറച്ച് ദിവസത്തേക്ക് ശരീരത്തിലെ ഒരു മുറിവിനെ പോലെ തന്നെ ഇതിനെ പരിചരിക്കണം.
ടാറ്റൂ പതിപ്പിക്കാന്‍ ലൈസന്‍സ്ഡ് സെന്‍ററുകളെ സമീപിക്കാന്‍ ശ്രദ്ധിക്കുക. ടാറ്റു ചെയ്യുന്നതിന് മുന്‍പ് തീര്‍ച്ചയായും ഒരു ഡെര്‍മിറ്റോളജിസ്റ്റിനെ കണ്ട് ആശങ്കകള്‍ പരിഹരിക്കുക.
ടാറ്റു പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് നീഡില്‍, ലോഷനുകള്‍, നിറങ്ങള്‍ എന്നിവയുടെ ഗുണമേന്മയും ടാറ്റു ആര്‍ട്ടിസ്റ്റുകളുടെ വൈദഗ്ധ്യവുമാണ് ടാറ്റു പതിപ്പിക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങളെ സ്വാധീനിക്കുക.
ഇവയെല്ലാം സ്‌കിന്‍ അലര്‍ജി, അണുബാധ, ത്വക്കില്‍ ഉണ്ടാവുന്ന മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ടാറ്റൂവി൦ഗിന് ഉപയോഗിക്കുന്ന നീഡിലുകള്‍ സുരക്ഷിതമല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ബന്ധമാണ്. ഉപയോഗിക്കുന്ന വസ്തുക്കള്‍ അണുവിമുക്തമാണെന്ന് ഉറപ്പു വരുത്തണം.
ഇലക്ട്രോണിക് നീഡില്‍ പോലെ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയും ചിലപ്പോഴൊക്കെ വില്ലനാവാറുണ്ട്. ഇത്തരം മഷി ഉപയോഗിക്കുന്നത് അലര്‍ജി ഉണ്ടാക്കില്ലെന്ന് ടെസ്റ്റ് ഡോസ് എടുത്ത് ഉറപ്പാക്കിയതിനു ശേഷം മാത്രം ടാറ്റു പതിപ്പിക്കുക.
അണുവിമുക്തമല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍, നോണ്‍ ടുബര്‍കുലോസിസ് മൈക്രോ ബാക്ടീരിയ, വൈറല്‍ ഇന്‍ഫക്ഷന്‍ എന്നിവയാണ് സാധാരണയായി കാണാറുള്ള അണുബാധകള്‍.
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ചര്‍മ്മരോഗ വിദഗ്ധനെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യണ്ടത്.
ടാറ്റു ചെയ്തഭാഗം ഏറ്റവും വൃത്തിയായ സൂക്ഷിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. അലര്‍ജി ഉണ്ടായാല്‍ മുറിവൈദ്യനാവാതെ ചര്‍മ്മരോഗ വിദഗ്ധനെ തന്നെ സമീപിക്കുക.
ടാറ്റൂ ചെയ്ത ഭാഗത്ത് വെയില്‍ കൊള്ളിക്കാതിരിക്കുക, അണുബാധ ഉണ്ടാവുന്ന തരത്തില്‍ വെള്ളത്തിലോ കടലിലോ കുളിക്കാതിരിക്കുക, അധികം വെയില്‍ കൊള്ളാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.