തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്. ശ്രീചിത്രയിലെ ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാവസായിക അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യ കൈമാറാന്‍ തയ്യാറാണെന്ന് ശ്രീചിത്ര ഡയറക്ടര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം. കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ, ആല്‍ബുമിന്‍, ഫൈബ്രുനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്ത് കനംകുറഞ്ഞ പാളികള്‍ തയ്യാറാക്കിയാണ് ചികിത്സ. ക്യാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ പാളി പതിപ്പിക്കും. ടിഷ്യു ഫ്‌ളൂയിഡ് വഴി കുര്‍ക്കുമിന്‍ ക്യാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പടരുന്നതിനെ പ്രതിരോധിക്കും


കുര്‍ക്കുമിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഇത് ക്യാന്‍സര്‍ ബാധിത ശരീര ഭാഗങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാങ്കേതിക വിദ്യ മരുന്നു കമ്പനികള്‍ക്ക് കൈമാറും. പിന്നീട് നിയമപരമായ അനുമതികള്‍ വാങ്ങുന്നത് അവരുടെ ചുമതലയാണ്. 


കുര്‍ക്കുമിനും ആല്‍ബുമിനും സംയോജിപ്പിച്ച് കീമോതെറാപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ച് കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന.
ക്യാന്‍സര്‍ ചികിത്സയില്‍ മഞ്ഞളിന്‍റെ ഉപയോഗത്തെകുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗവഷണങ്ങള്‍ നടന്നിട്ടുണ്ട്.അമേരിക്കയിലെ സെന്‍ട്രല്‍ ഫ്ലോറിഡ സര്‍വകലാശാലയിലും നെമോര്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുട്ടികളിലുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ മഞ്ഞളിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. 
 
അമേരിക്കയിലെ എമോറ യുനിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍ വായിലുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.വയിലെയും ഗര്‍ഭാശയത്തിലെയും ക്യാന്‍സറിന് കാരണമാകുന്നത് ഹ്യുമന്‍ പാപ്പിലോമ എന്ന വൈറസ് ആണ്.ഈ വൈറസിന്‍റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഒക്സിഡെന്റായ കുര്‍ക്കുമിന് കഴിയുമെന്നായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്.



നിലവിലുള്ള കീമോതെറാപ്പിയില്‍ ക്യാന്‍സര്‍ രോഗമുള്ള കോശങ്ങള്‍ക്കൊപ്പം രോഗമില്ലാത്തവയും നശിപ്പിക്കപ്പെടുന്നുണ്ട്. ഇത് മൂലം മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ വരുന്നതോടെ പാര്‍ശ്വ ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുകയും ചെലവ് കുറയുകയും ചെയ്യുമെന്നാണ് ചികിത്സാ വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് മാത്രമല്ല ,ചര്‍മ്മ രോഗം തടയാനും സൗന്ദര്യസംരക്ഷണത്തിനും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഒക്കെ ഔഷധമായി മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.