റിയോ ഡി ജനീറോ: മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ സിക എന്ന മാരക രോഗം ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് സിക വൈറസ് എന്ന മാരക രോഗത്തിനെതിരെ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. റിയോ ഒളിമ്പിക്‌സ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കായികതാരങ്ങള്‍ സിക വൈറസ് ഭീതിയിലാണ്. ടെന്നീസ്, ഗോള്‍ഫ് താരങ്ങളടക്കം ചില താരങ്ങള്‍ സിക രോഗ പേടിയില്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും വന്നിരുന്നു. ഇത് ഏറെ ഗൗരവമായാണ് ഒളിമ്പിക്‌സ് അധികൃതരും സര്‍ക്കാരും കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു പിന്നാലെയാണ് സിക വൈറസ് ഇല്ലാതാകാന്‍ ഇനി മൂന്ന് വര്‍ഷമെടുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ഇംപീരിയല്‍ കൊളേജിലെ ഗവേഷക സംഘമാണ് മൂന്ന് വര്‍ഷമെടുക്കും സിക വൈറസ് ഇല്ലാതാകാമെന്ന് കണ്ടെത്തിയിരിക്കുന്നത്.സിക വൈറസ് പകരാത്ത കുറച്ച് ആളുകള്‍ കൂടിയേ ഉള്ളൂ. സിക ബാധിച്ചയാളുകള്‍ക്ക് വീണ്ടും വൈറസ് ബാധിക്കുകയില്ല. ഇത് വൈറസിന്റെ കാഠിന്യം കുറയ്ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു രോഗം ഉണ്ടാകുന്നതുവരെ പത്ത് വര്‍ഷത്തെ ഇടവേള സിക ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.


പഠന റിപ്പോര്‍ട്ട് ഇംപീരിയലിന്റെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ സെന്റര്‍ ഫോര്‍ ഔട്ട്‌ബ്രേക്ക് അനാലിസിസ് ആന്‍ഡ് മോഡലിംഗിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ നവാജാത ശിശുക്കളുടെ തലച്ചോറിനെ ബാധിക്കുമെന്നതിനാല്‍ ജനിക്കാന്‍ പോകുന്ന കുട്ടികളില്‍ വൈറസ് ബാധിക്കും. ഇത് കൂടുതല്‍ പകരാനുള്ള സാധ്യതയും പഠന സംഘം തള്ളിക്കളയുന്നില്ല.അതേസമയം, സിക വൈറസ് എപ്പോള്‍ ഇല്ലാതാകുമെന്ന് പറയാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


ബ്രസീലിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തിയത്. സാധാരണഗതിയില്‍ വലിയ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ ബാധിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാവുകയെന്ന് കണ്ടെത്തിയിരുന്നു. സികരോഗം ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി എന്നാണു വിശേഷിപ്പിക്കുന്നത്.


രോഗബാധിതയായ മാതാവിന്റെ അമ്‌നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്റെ തലച്ചോറിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കമരണം വരെ സംഭവിക്കാന്‍ സിക വൈറസ് കാരണമാകുന്നു.