ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ഇറാനില്‍ കുടുങ്ങിയത് 85 മലയാളികള്‍. എല്ലാവരും തന്നെ മത്സ്യത്തൊഴിലാളികള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇറാനില്‍ കുടുങ്ങിയിരിക്കുന്നത് 1000 ഇന്ത്യാക്കാരെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്. കൂടാതെ, ഇവരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ ഇറാന്‍ അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


അതേസമയം, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരകെയെത്തിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.


എന്നാല്‍, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി നോര്‍ക്കയെ സംസ്ഥാന സര്‍ക്കാര്‍. ചുമതലപ്പെടുത്തിയിരുന്നു.


കേരളത്തില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായും ചുമതല സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കയ്ക്ക് നല്‍കിയതായും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളെ അറിയിച്ചിരുന്നു.


ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊഴിലാളികളെ തിരികെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.


അതേസമയം, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


കോവിഡ്-19 (കൊറോണ വൈറസ്) ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍.  


ഒരുമുറിയില്‍ ഇരുപത്തിമൂന്നോളം പേരാണ് ഉള്ളത്. ആഹാരം പോലും ലഭിക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, തങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും സ്പോണ്‍സര്‍മാരും സഹായത്തിനെത്തുന്നില്ല എന്നും മത്സ്യത്തൊഴിലാളികല്‍ പറഞ്ഞു.
 
എന്നാല്‍, കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിമിതമായ ഭക്ഷണം മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബന്ധുക്കള്‍ പറഞ്ഞു.