കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഗ്രാനൈറ്റ് ക്വാറിയില്‍ വന്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ ചുരുങ്ങിയത് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ കുര്‍ണൂലിലെ ഹാത്തി ബെല്‍ഗാല്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വന്‍ സ്‌ഫോടനമാണുണ്ടായതെന്നും 10 കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടെന്നും ഗ്രാമവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡിഷയില്‍ നിന്നുള്ള 20 തൊഴിലാളികള്‍ ക്വാറിയിലുണ്ടായിരിക്കെ പാറപൊട്ടിക്കാന്‍ സ്ഥാപിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന് ആലൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ സമീപത്ത് കത്തിയമര്‍ന്ന നിലയില്‍ ഡീസല്‍ ടാങ്കര്‍ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനൊപ്പം ഡീസല്‍ ടാങ്കര്‍ കത്തിയത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നാണ് കരുതുന്നത്.


സ്‌ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ചതിനാല്‍ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ശരീരത്തില്‍ 70 ശതമാനത്തോള്ളം പൊള്ളലേറ്റിട്ടുണ്ട്.


കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെങ്കിലും കടുത്ത നടപടിയെടുക്കുമെന്നും കുര്‍ണൂല്‍ എസ്‌പി പറഞ്ഞു.


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ജില്ലാ കളക്ടറോട് അപകട സ്ഥലത്തെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.