ലഖ്നോ: ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചു. പലർക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.  ഇറ്റാ ജില്ലയിലെ അലിഗഞ്ജ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാലയിൽ നിന്നും ഇന്നലെ വൈകുന്നേരം മദ്യപിച്ചവരാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്.സംഭവത്തിലെ പ്രധാന പ്രതിയായ ശ്രീലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ലുഹാരി ഡര്‍വാദ, അഡ്ജസെന്റ് ലൗഗേര എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിണപ്പെട്ടത്. പതിനഞ്ചോളം പേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറ് പേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ഫറൂഖാബാദ് റോഡ് ഉപരോധിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.