അലിഗഡ്: കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച പത്തൊന്‍പതുകാരിയെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹം കഴിക്കാന്‍ കാമുകന്‍ വിസമ്മതിച്ചതിനാലാണ് പെണ്‍കുട്ടി ആസിഡൊഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്നത് അലിഗഡിലെ ജീവന്‍ഗഡ്‌ മേഖലയിലാണ്. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ അറസ്റ്റു ചെയ്യുകയും 326 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 


മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ഒരു മാസം മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പിണങ്ങുകയും ചെയ്തുവെന്നും അതിനെ തുടര്‍ന്ന്‍ രണ്ടുപേരും സംസരിക്കില്ലായിരുന്നുവെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു. 


ആ ബന്ധത്തിന് തന്‍റെ മകന് താല്‍പര്യം ഇല്ലായിരുന്നുവെന്നും എന്നാല്‍ പെണ്‍കുട്ടി വിവാഹം ചെയ്യാന്‍ വേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. 


വ്യാഴാഴ്ച പെണ്‍കുട്ടി യുവാവിനെ ഫോണ്‍ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തിരുന്നില്ല. അതില്‍ കലിപൂണ്ട പെണ്‍കുട്ടി വീടിനടുത്തുള്ള കടയില്‍ പോയ യുവാവിനെ പിന്തുടര്‍ന്ന് അവിടെയെത്തുകയും അവിടെവച്ച് യുവാവിന്‍റെ മുഖത്തേയ്ക്ക് ആഡിസ് ഒഴിക്കുകയായിരുന്നുവെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു. 


എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിലല്ല ആസിഡ് ഒഴിച്ചതെന്നും യുവാവിനെ വിവാഹം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള ചില ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. 


ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റതായിട്ടാണ് അധികൃതര്‍ പറഞ്ഞത്.