ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരവേ പ്രാര്‍ത്ഥനകളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തുന്നുണ്ടെന്നും കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച്‌ സംസാരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 


തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നുവച്ചിരിക്കുകയായിരുന്നു.  


തുടക്കത്തില്‍ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 98 അടി താഴ്ചയിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. 


കുട്ടി കുഴല്‍ക്കിണറില്‍ വീണിട്ട് ഏകദേശം 72 മണിക്കൂര്‍ കഴിഞ്ഞിരിക്കുകയാണ്. 


രാപകലില്ലാതെ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും സുജിത്തിന്‍റെ അടുത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കൈകളും കുഴല്‍ക്കിണറിന് ഉള്ളിലെ താപനിലയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 


സുജിത്തിനുവേണ്ടി രാജ്യമൊന്നടങ്കം പ്രാര്‍ത്ഥനയോടെ കഴിയുകയാണ്.