ന്യൂഡല്‍ഹി: വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തന്‍റെ ഔദ്യോഗിക ട്വിറ്റെര്‍ പേജിലൂടെ ഏവര്‍ക്കും നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി...


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടെ ഒപ്പം നിന്ന ജനങ്ങള്‍ക്കും അണികള്‍ക്കും സ്മൃതി ഇറാനി നന്ദി രേഖപ്പെടുത്തി. ജനങ്ങളും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് അവര്‍ പ്രസ്താവിച്ചു. ഇന്ത്യയെ വിഭജിക്കുകയാണെന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രതിപക്ഷത്തിനെതിരെയാണ് ജനങ്ങള്‍ അണിനിരന്നത്. ഭാരതത്തിന്‍റെ ഭാവിക്ക് വേണ്ടി നിലകൊണ്ട ജനങ്ങള്‍ക്കുള്ള നന്ദി അറിയിക്കുന്നു.


ഒപ്പം, പ്രതിഫലേഛ കൂടാതെ പാര്‍ട്ടിയ്ക്ക് വേണ്ടി, പുതിയ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. കൂടാതെ, പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും അനുസമരിക്കുന്നു. അവരുടെ ബലിദാനത്തിന് പകരം വയ്ക്കാന്‍ വാക്കുകളില്ല. രാജ്യനിര്‍മ്മാണത്തിന് നമ്മളാല്‍ ചെയ്യുവാന്‍ കഴിയുന്നത്‌ ചെയ്യുക എന്നതാണ് അവര്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.


‘ഇനി 24 മണിക്കൂറുകള്‍ കൂടി… നമ്മളില്‍ ഭൂരിഭാഗവും നാളെ ടി.വിക്ക് മുന്നിലാവും. വോട്ടുകളുടെ എണ്ണവും വിലയിരുത്തലുമായി… ഈ അവസരത്തില്‍ എന്‍റെ പാര്‍ട്ടിക്കും നേതൃത്വത്തിനും പിന്തുണ നല്‍കിയ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു, സ്മൃതി ഇറാനി പറഞ്ഞു.


കഴിഞ്ഞ 5 വര്‍ഷത്തിടെ പ്രതിപക്ഷത്തിന്‍റെ ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരയാകാത്ത ഒരു ദിവസം പോലും ഇല്ലെന്നും തുടര്‍ച്ചയായ ആക്രമണമാണ് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ നടത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു.


അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനിയുടെ പോരാട്ടം. ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടുന്നത്.