ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തില്‍ ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ വര്‍ധനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒരുകോടിയിലധികം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച ഏഴാം ശമ്പള കമീഷന്‍ ജൂനിയര്‍ തലത്തില്‍ അടിസ്ഥാന വേതനത്തില്‍ 14.27 ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ശിപാര്‍ശയാണിത്.ശമ്പളത്തിൽ ശരാശരി 23 ശതമാനത്തിന്റെ വർധനയുണ്ടാകും. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യവും. 55 ലക്ഷം പെൻഷൻകാർക്കും 48 ലക്ഷം ജീവനക്കാർക്കും ഇതുകൊണ്ട് നേട്ടമുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശങ്ങളുമാണ് കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 രൂപയില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തണമെന്നാണ് എ.കെ മാത്തൂര്‍ അധ്യക്ഷനായ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി അലവന്‍സുകളടക്കം 23.5 ശതമാനം വര്‍ധനവാണ് നിര്‍ദേശിച്ചിരുന്നത്. അതായത് കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ.


ശുപാര്‍ശ നടപ്പാക്കുമ്പോള്‍ 1.02 ലക്ഷം കോടി രൂപയുടെ അധികച്ചെലവുവരും. ജിഡിപിയുടെ 0.7 ശതമാനം. സൈന്യത്തിലെ ശിപ്പായിക്ക് 8,460 രൂപയ്ക്കു പകരം 21,700 രൂപ പ്രതിമാസം അടിസ്ഥാന ശമ്പളമായി ലഭിക്കും.


വാഹനങ്ങള്‍ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കണമെന്നും ആരോഗ്യ ഇൻഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും ഒപ്പം ഒാവര്‍ ടൈം അലവന്‍സ് എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. ശമ്പള വര്‍ധന നടപ്പാക്കിയാല്‍ വാഹന വിപണിയിലും റിയൽ എസ്റ്റേറ്റ് രംഗത്തും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.