ഭോപ്പാല്‍: തിരഞ്ഞെടുപ്പ് ചൂട് മൂര്‍ധന്യാവസ്ഥയിലെത്തിനില്‍ക്കുന്ന മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാന മണ്ഡലങ്ങളെ കോര്‍ത്തിണക്കി അവസാന റൗണ്ട് പ്രചാരണത്തിലാണ് സംസ്ഥാന മുഖ്യമന്ത്രി. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്‍റെ പ്രചാരണ തന്ത്രം കുറച്ച് വിഭിന്നമാണ്. 


കോണ്‍ഗ്രസും വേണ്ട, കേന്ദ്ര പദ്ധതികളും വേണ്ട, പ്രധാനമന്ത്രി മോദിയും വേണ്ട എന്നുതന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം. സ്വന്തം സംസ്ഥാനത്ത് താന്‍ നടത്തിയ പരിഷ്ക്കാരങ്ങളും നേട്ടങ്ങളുമാണ് അദ്ദേഹം പ്രചാരണത്തിന് ആയുധമാക്കിയിരിക്കുന്നത്.


ബിജെപി 2014 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പിന്തുടരുന്ന മോദി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടിയുള്ള തന്ത്രത്തെ അപ്പാടെ മാറ്റിയാണ് ചൗഹാന്‍റെ പ്രചാരണം. 


സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ കൂടുതലായി എടുത്ത് പറഞ്ഞ് കോണ്‍ഗ്രസിന്‍റെ കോട്ടങ്ങളെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചോ കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചോ ഒന്നും ചൗഹാന്‍ പല യോഗങ്ങളിലും പ്രസംഗിക്കുന്നില്ല. സര്‍ക്കാര്‍ നല്‍കിയ റോഡ്, വൈദ്യുതി, മറ്റ് വികസനങ്ങള്‍ ഇവയൊക്കെയാണ് ചൗഹാന്‍റെ പ്രചാരണവിഷയങ്ങള്‍.


നോട്ട് നിരോധനത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് നോക്കുമ്പോള്‍ പ്രാദേശിക പ്രശ്നങ്ങളെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 


അദ്ദേഹത്തിന്‍റെ തന്ത്രം മറ്റൊന്നുമല്ല, സാധാരണക്കാരുടെ ഇടയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഇതാണ് ഏറ്റവും പറ്റിയ ആയുധമെന്ന് അദ്ദേഹത്തിന് നന്നായറിയാം എന്നത് തന്നെ.