Omicron | ഡൽഹിയിലും മുംബൈയിലും ആശങ്ക; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്
നവംബർ 24ന് ആണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ നാട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈ: ഒമിക്രോൺ (Omicron) വ്യാപന ഭീതി നിലനിൽക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ (South africa) നിന്ന് ഡൽഹി വഴി മുംബൈയിൽ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നവംബർ 24ന് ആണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ നാട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ, ഇയാൾക്ക് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനിതക ശ്രണീകരണ ഫലം ലഭിച്ചാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരൂ. സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വിവരം വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ധോംബിവില്ലി മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.
അതേസമയം, കൊറോണ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരങ്ങൾ നൽകണം. ഒപ്പം 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ഉൾപ്പെടുത്തണം.
കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തിൽ നിന്നും പോകാൻ പാടുള്ളു. ഫലം നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ നിരീക്ഷണം നിർബന്ധമാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ALSO READ: Omicron Variant: Covid വാക്സിനുകൾ Omicron വകഭേദത്തെ തടുക്കുമോ? AIIMS മേധാവി പറയുന്നത് ശ്രദ്ധിക്കൂ
സാഹചര്യങ്ങൾ പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂവെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിർദ്ദേശ പ്രകാരം ഹൈ-റിസ്‍ക് രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‍സ്വാന, ചൈന, മൌറീഷ്യസ്, ന്യൂസിലൻഡ്, സിംബാവെ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍, യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...