പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആവർത്തിച്ച് ആംആദ്മി
നരേന്ദ്ര മോഡിയുടെ ബി .എ-എം .എ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആംആദ്മി നേതാവ് അശുതോഷ് ആവർത്തിച്ചു
ബി.ജെ .പി പ്രസിഡന്റ് അമിത് ഷായും ധനമന്ത്രി അരുൺ ജൈറ്റ്ലിയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പത്ര സമ്മേളനത്തിൽ പരസ്യമായി പ്രദർശിപ്പിച്ച ഉടനെ ആം ആദ്മി പാർട്ടി തിരിച്ചടിച്ചു.നരേന്ദ്ര മോഡിയുടെ ബി .എ-എം .എ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആംആദ്മി നേതാവ് അശുതോഷ് ആവർത്തിച്ചു .
"അമിത് ഷാ ഇന്ന് പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആം ആദ്മി പാർട്ടി രാജ്യത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നു.രാജ്യം മുഴുവൻ ഇവർ പറഞ്ഞത് അപ്പടി വിഴുങ്ങാൻ അമിത് ഷായും അരുൺ ജൈറ്റ്ലിയും ദൈവങ്ങളല്ല" അശുതോഷ് കൂട്ടിചേർത്തു. മോഡിയുടെ ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും ഉയർത്തി കാണിച്ച് ഇവയിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും രേഖകൾ കെട്ടിചമച്ചതാണെന്നും അശുതോഷ് പറഞ്ഞു.
കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം. പിന്നീട് പ്രധാന മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദം ചൂട് പിടിച്ചതോടെയാണ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.