ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി സര്‍ക്കാരും‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പരസ്യവും നല്‍കിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് പരസ്യം നല്‍കിയിരിക്കുന്നത്.


'ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം' എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്നും പരസ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. 


ഡല്‍ഹിയിലെ എല്ലാ എസ്.ഡി.എം ഓഫീസുകള്‍ വഴി സഹായങ്ങള്‍ കൈമാറാമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറും ഓണ്‍ലൈന്‍ ഡൊണേഷന്‍ അഡ്രസും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.


പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് താങ്ങായി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.


ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നു.


കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.