ന്യുഡല്‍ഹി: ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി. രണ്ട് എംഎല്‍എമാരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ചീഫ് സെക്രട്ടറി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി എംഎൽഎമാരായ അമാനത്തുള്ള ഖാന്‍ പോലിസില്‍ കീഴടങ്ങിയിരുന്നു. പ്രകാശ് ജർവാളിനെ ഡല്‍ഹി പോലിസ് അറസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത്. ഇരുവരെയും 22 ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ അയച്ചിരുന്നു. 


ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി പൂര്‍ത്തിയാക്കിയ ഇരുവരെയും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ മുന്‍പില്‍ ഹാജരാക്കിയിരുന്നു. കോടതി ഡല്‍ഹി പോലിസ് സമര്‍പ്പിച്ചിരിയ്ക്കുന്ന ഹര്‍ജിയിലും കോടതി വാദം കേട്ടിരുന്നു. ഡല്‍ഹി പോലിസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തുകൊണ്ടാണ് ചീഫ് സെക്രട്ടറിയെ അർദ്ധരാത്രി മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക്‌ വിളിപ്പിച്ചത് എന്ന ചോദ്യമാണ് മുഖ്യമായും ഉന്നയിച്ചിരുന്നത്. 


കൂടാതെ ഡല്‍ഹി പോലിസ് ഇരുവരുടെയും പോലിസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. അതിന് കാരണമായി പോലിസ് പറയുന്നത് ചീഫ് സെക്രട്ടറിയെ അർദ്ധരാത്രി മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക്‌ വിളിപ്പിക്കേണ്ടി വന്ന അത്യാവശ്യ സാഹചര്യം എന്തായിരുന്നു എന്നത് കേസന്വേഷണം കൂടുതല്‍ ഉര്‍ജ്ജിതമാക്കാന്‍ സഹായിക്കും എന്നത് തന്നെ.


അതേസമയം ഡല്‍ഹി പോലിസ് ഇന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി പരിശോധന നടത്തി. പി.ഡബ്ല്യു.ഡിയില്‍ നിന്ന് സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ്‌ മുഖ്യമന്ത്രിയുടെ വസതിയില്‍ പൊലിസ് പരിശോധന നടത്തിയത്. 60 പോലിസുകാരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധനക്കെത്തിയത്. 


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് ചീഫ് സെക്രട്ടറി മര്‍ദ്ദിക്കപ്പെട്ടത്. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍  ആലോചനാ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ചാണ് ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചതെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.