ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന
ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ട കേസില്‍ ഡല്‍ഹി പോലിസ് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലുള്ള എല്ലാ ക്യാമറകളും പോലിസ് പിടിച്ചെടുത്തു. പി.ഡബ്ല്യു.ഡിയില്‍ നിന്ന് സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പൊലിസ് പരിശോധന നടത്തിയത്.
ന്യുഡല്‍ഹി: ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ട കേസില്‍ ഡല്‍ഹി പോലിസ് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലുള്ള എല്ലാ ക്യാമറകളും പോലിസ് പിടിച്ചെടുത്തു. പി.ഡബ്ല്യു.ഡിയില്‍ നിന്ന് സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പൊലിസ് പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ വസതിയില്‍ 21 ക്യാമറകള്‍ ഉണ്ടായിരുന്നു. അവയില്‍ 14 എണ്ണം മാത്രമേ പ്രവര്‍ത്തന ക്ഷമമായിരുന്നുള്ളൂ. കൂടാതെ സംഭവം നടന്ന മുറിയില്‍ ക്യാമറ ഉണ്ടായിരുന്നില്ല, ക്യാമറയിലെ സമയം 40 മിനിട്ട് പിന്നിലായിരുന്നു എന്നും അന്വേഷണം നടത്തിയ എഡിജിപി പറഞ്ഞു.
60 പോലിസുകാരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധനക്കെത്തിയത്. പോലിസ് എത്തിയ സമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് പിന്നീട് കേജരിവാള്‍ ആരോപിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് വളരെ പ്രധാന്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്താന്‍ ഡല്‍ഹി പോലിസ് തീരുമാനിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് ഡല്‍ഹി ചീഫ് സെക്രട്ടറി മര്‍ദ്ദിക്കപ്പെട്ടത്. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ ആലോചനാ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ചാണ് ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചതെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.