video: നീരവ് മോദി ലണ്ടനില്‍ വിലസുന്നു!!
തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്റേത്.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവ് മോദിയെ കണ്ടെത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ അതായത് 15 ലക്ഷം രൂപ വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിന്റെ വില.
അവിടെവെച്ച് നീരവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്റേത്.
വീഡിയോ കാണാം:
ഇന്ത്യന്‍ സര്‍ക്കാര്‍ നീരവ് മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു നീരവ് മോദിയുടെ മറുപടി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് നീരവ് മോദി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
10000 യൂറോ അതായത് 9.1 ലക്ഷം രൂപ വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്ന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി.
നീരവ് മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്. നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് നമ്പര്‍ നല്‍കിയോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് യുകെ ഹോം ഓഫീസ് പ്രതികരിച്ചില്ല.
തട്ടിപ്പു നടത്തിയ നീരവ് മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.