മുംബൈ: ഫട്‌നാവിസ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും റവന്യൂ മന്ത്രിയുമായ ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു.അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമുമായുള്ള വിവാദ ഫോണ്‍വിളി, 'ഡി കമ്പനി’യുടെ ബിനാമി സ്വത്തുക്കളുമായി ബന്ധം, പൂനെയില്‍ വ്യവസായിക മേഖലയില്‍ ഭാര്യയുടേയും മരുമകന്‍േറയും പേരില്‍ കുറഞ്ഞ വിലക്ക് ഭൂമി വാങ്ങല്‍ എന്നീ കഡ്സെക്കെതിരായുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് ഇന്‍റലിജന്‍സ് കണ്ടത്തെിയിരുന്നു. ഇവ വിവാദമായ സാഹചര്യത്തിലാണ് കഡ്സെക്ക് മന്ത്രി പദവി ഒഴിയേണ്ടി വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദാവൂദ് ഇബ്രാഹീമുമായി പല തവണ ബന്ധം പുലര്‍ത്തിയതാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ കഡ്സയെ പ്രതിക്കൂട്ടിലാക്കിയ ഏറ്റവും പുതിയ ആരോപണം. 2015 സെപ്റ്റംബര്‍ അഞ്ചിനും 2016 ഏപ്രില്‍ അഞ്ചിനും ഇടയില്‍ നിരവധി തവണ കഡ്സെയുടെ നമ്പറിലേക്ക് ദാവൂദിന്‍റെ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നമ്പറില്‍നിന്ന് വിളി വന്നുവെന്നാണ് ആരോപണം. ഗുജറാത്തുകാരനായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പാക് ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയാണ് വിവരം ചോര്‍ത്തിയത്.നേരത്തെ ഗഡ്‌സേയോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിരുന്നു.  മന്ത്രിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാര്‍ട്ടി മഹാരാഷ്ട്ര ഘടകത്തോടും ഷാ ആവശ്യപ്പെട്ടിരുന്നു.


തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഏക്‌നാഥ് കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്ര നിലപാട് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച സാഹചര്യത്തില്‍ കഡ്സയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം മഹാരാഷ്ട്ര ഘടകത്തെ അറിയിക്കുകയായിരുന്നു.രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമുമായി ഏക്‌നാഥ് ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന ആരോപണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്.