ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം
സ്ത്രീ പീഡനത്തിനും തുടര്‍ ആക്രമങ്ങള്‍ക്കും കുപ്രസിദ്ധി നേടുകയാണ് യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍ പ്രദേശ്.
മുസഫര്‍നഗര്‍: സ്ത്രീ പീഡനത്തിനും തുടര്‍ ആക്രമങ്ങള്‍ക്കും കുപ്രസിദ്ധി നേടുകയാണ് യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍ പ്രദേശ്.
ഉന്നാവോയില്‍ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ നടത്തിയ പീഡനവും തുടര്‍ന്ന് നടത്തിയ വധ ശ്രമങ്ങളും ദേശീയ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ബുധനാഴ്ച ബലാത്കാരത്തിന് ഇടയായ പെണ്‍കുട്ടി, തന്‍റെ പരാതി പിന്‍വലിക്കാത്തതിന്‍റെ പേരില്‍ ആക്രമിക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ആക്രമികള്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 90% പൊള്ളലേറ്റ പെണ്‍കുട്ടി 2 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി.
ആ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. ആ സന്ദര്‍ഭത്തിലാണ് മറ്റൊരു ആക്രമണ സംഭവം കൂടി പുറത്തു വരുന്നത്. മുസഫര്‍നഗറില്‍നിന്നാണ് ഈ ആക്രമണ വാര്‍ത്ത വന്നിരിക്കുന്നത്.
ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവതിക്കുനേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ആക്രമണത്തില്‍ 30% പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് യുവതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം നാലുപേരും ഒളിവില്‍പോയി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പീഡന പരാതിയുമായി 30കാരി ആദ്യം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ നീക്കമുണ്ടായത്. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ എത്തിയത്. യുവതി ഇവരുടെ ആവശ്യം നിരാകരിച്ചതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു പ്രതികള്‍.
കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവം ഇപ്പോള്‍ മാത്രമാണ് മാധ്യമശ്രദ്ധ നേടിയത്. ബുധനാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം, യുവതിയുടെ നേര്‍ക്ക് ആസിഡ് ഒഴിച്ച് കടന്നു കളയുകയായിരുന്നു.
യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ നാല്‍വര്‍ സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. നാലുപേരും കസേരവ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും നാലുപേരും ഒളിവിലാണെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഷാപൂർ പോലീസ് സ്റ്റേഷൻ ഓഫീസർ ഗിരിജ ശങ്കർ ത്രിപാഠി പറഞ്ഞു.