രാജസ്ഥാനില്‍ നെഹ്രുവിന് പിന്നാലെ വിവരാവകാശ നിയമവും സ്കൂള്‍ പുസ്തകങ്ങളില്‍ നിന്ന് പുറത്ത്
ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ പുതിയ പാഠപുസ്തകത്തില്‍ നിന്ന് വിവരാവകാശ രേഖയെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. പുതിയ സിലബസ് പ്രകാരമുള്ള പാഠപുസ്തകത്തില്‍ നിന്നാണ് വിവരാവകാശ നിയമത്തിന്റെ പ്രസക്തിയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയത്. എട്ടാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലാണ് പുതിയ മാറ്റങ്ങള്‍.
ജയ്പൂര്‍: ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ പുതിയ പാഠപുസ്തകത്തില്‍ നിന്ന് വിവരാവകാശ രേഖയെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. പുതിയ സിലബസ് പ്രകാരമുള്ള പാഠപുസ്തകത്തില്‍ നിന്നാണ് വിവരാവകാശ നിയമത്തിന്റെ പ്രസക്തിയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയത്. എട്ടാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലാണ് പുതിയ മാറ്റങ്ങള്‍.
മുന്‍പ് വിവരവകാശ നിയമത്തിന് പുറമെ ഇതിന് വേണ്ടി പ്രയത്നിച്ച ആള്‍ക്കാരുടെ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2004 യു.പി.എ സര്‍ക്കാരാണ് വിവരവകാശ നിയമം നടപ്പിലാക്കിയത്. രാജ്യത്തെ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ഈ അവകാശത്തെ വിപുലമായി പ്രയോജനപ്പെടുത്തി വരുന്നതിനിടെയാണ് രാജസ്ഥാന്‍ സര്‍ക്കാറിന്‍്റെ നീക്കം. വിവരവകാശ നിയമം പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതന്‍ കുറ്റപ്പെടുത്തി.മുന്‍ സിലബസ് പ്രകാരം പന്ത്രണ്ടാം പാഠത്തിലെ നൂറ്റി അഞ്ചാം പേജിലാണ് വിവരാവകാശ നിയമത്തെ കുറിച്ച് വിവരിച്ചിരുന്നത്. എന്നാല്‍ പുതിയ പുസ്തകത്തില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്.
പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എംകെഎസ്എസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്ക് കൂടി കത്തയക്കാനാണ് ഇവരുടെ തീരുമാനം. രാജസ്ഥാനിലെ എല്ലാ വിഭാഗക്കാരും ചേര്‍ന്ന് നടത്തിയ സമരത്തിന്റെ കൂടി ഫലമായാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇത് രാജ്യത്തെ ജനങ്ങളോടുള്ള അവഹേളനമാണ്. മാത്രമല്ല പാഠപുസ്തകങ്ങളില്‍ നിന്ന് നെഹ്രുവിനെ പോലുള്ള നേതാക്കളെ ഒഴിവാക്കിയത് ഗുരുതരമായ പ്രശ്‌നമായാണ് കാണുന്നതെന്ന് എംകെഎസ്എസ് പ്രതികരിച്ചു. കരിക്കുലം മാറ്റിയതിന്റെ നടപടി ക്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് എംകെഎസ്എസ് ആര്‍ടിഐ പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.വിവരവകാശ നിയമത്തിന് വേണ്ടി രാജസ്ഥാനിലെ പാവപ്പെട്ട ജനങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചതെന്നും സംഘടന അഭിപ്രായപ്പെട്ടു.
മുന്‍പ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പറയുന്ന പാഠം ചരിത്ര പുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചതും പശുവിനെ ഗോമാതാവായി ചിത്രീകരിച്ച പാഠഭാഗം ഉള്‍പെടുത്തിയതും വന്‍ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ സുതാര്യതയില്‍ വിശ്വസിക്കാത്തതിനാലാണ് പാഠ്യ പദ്ധതിയില്‍ പോലും മാറ്റം വരുത്തുന്നത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ഇത്തരം നീക്കം വരുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും അര്‍ച്ചന ശര്‍മ പറഞ്ഞു.
എല്ലാ പാഠ പുസ്തകങ്ങളും പൂര്‍ണമായും പുറത്തിറക്കിയിട്ടില്ലെന്നും ഈ വര്‍ഷം ഏതെങ്കിലും പാഠ ഭാഗം വിട്ടു പോയിട്ടുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഉള്‍പ്പെടുത്തുമെന്നും ബിജെപി വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.