ലഖ്നൗ:   ഉത്തർപ്രദേശിൽ 2 സന്യാസിമാരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുലന്ദ്ഷഹറിലെ പഗോൺ ഗ്രാമത്തിലെ ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് അനുമാനം. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരുവരുടെയും  മൃതദേഹങ്ങൾ  കണ്ടത്.  55 വയസുള്ള ജഗന്‍ ദാസും 35 സേവ ദാസുമാണ് കൊല്ലപ്പെട്ടത്.  പഗോണയിൽ താമസിക്കുന്ന പുരോഹിതന്മാർ കഴിഞ്ഞ 10 വർഷമായി ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. lock down പ്രഖ്യാപിച്ചതുമൂലം ഇവര്‍ ഈ  ക്ഷേത്രത്തില്‍ താല്‍ക്കാലികമായി താമസിക്കുകയായിരുന്നു.


സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്  മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഒപ്പം കുറ്റവാളികള്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.  


സംഭവത്തെ തുടര്‍ന്ന് രാജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് ഭാഷ്യം. 
 
ക്ഷേത്രത്തില്‍ താമസിക്കുന്നതിനിടെ സന്യാസിമാര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന രാജു എന്നയാള്‍ മോഷ്ടാവാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് കൊല ചെയ്യാന്‍ മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയായ  ഇയാള്‍ വാളുപയോഗിച്ച് രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും  അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വര്‍ഗീയമായി ഒന്നും തന്നെയില്ലെന്ന് പോലീസ് വ്യക്തമാക്കി.


മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍  ഉത്തര്‍പ്രദേശിലെ ഈ സംഭവവും. കള്ളന്മാരാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്നും ആരോപിച്ചായിരുന്നു മഹാരാഷ്ട്രയില്‍ സന്യാസിമാരെ  മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചെങ്കിലും സംഭവത്തില്‍ വര്‍ഗീയത ഇല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.