കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ബാങ്കിംഗ് ജീവനക്കാർ ഉൾപ്പെടെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ  രാജ്യവ്യാപക പണിമുടക്ക്  ( ഭാരത് ബന്ദ്) തിങ്കളാഴ്ച പല സംസ്ഥാനങ്ങളിലും ആരംഭിച്ചു. ചില പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ പണിമുടക്ക് ഗുരുതമായി ബാധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 


ബാങ്കിംഗ് മേഖലയിലെ പ്രമുഖ ട്രേഡ് യുണിയൻ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നത്  ബാങ്കിംഗ് സേവനങ്ങളെ ഭാഗികമായി ബാധിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബാങ്ക് യൂണിയനുകൾ പ്രതിഷേധത്തിലാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുക, സർവീസ് ചാർജുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.  


രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ പൊതുമേഖലാ ബാങ്കുകളുടെ പല ശാഖകളും അടച്ചിട്ടിരിക്കുകയാണ്.മറ്റ് മേഖലകളിൽ ഓഫീസർമാരുള്ളതിനാൽ ശാഖകൾ തുറന്നിട്ടുണ്ടെങ്കിലും നിരവധി ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് സേവന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ഒരു വിഭാഗം ജീവനക്കാർ ജോലിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ പല പൊതുമേഖലാ ബാങ്കുകളിലെയും ഇടപാടുകൾ തടസ്സപ്പെട്ടു. ചെക്ക് ക്ലിയറൻസുകളിൽ കാലതാമസം നേരിടുന്നുണ്ട്. എന്നാൽ  ഒട്ടുമിക്ക സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. 


ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഴുവൻ കൽക്കരി ഖനന മേഖലകളിലെയും തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റീൽ, ഓയിൽ, ടെലികോം, കൽക്കരി, തപാൽ, ആദായ നികുതി, ചെമ്പ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്കു പുറമെ റോഡ്‌വേ, ട്രാൻസ്‌പോർട്ട് തൊഴിലാളികൾ, വൈദ്യുതി തൊഴിലാളികൾ എന്നിവരും പണിമുടക്കിന് പിന്തുണയുമായി സമരരംഗത്തുണ്ട്.  , റെയിൽവേയിലെയും പ്രതിരോധ മേഖലയിലെയും യൂണിയനുകൾ പണിമുടക്കിനൊപ്പമാണ്. 


തൊഴിലാളി സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള കേരളത്തിൽ ഏതാനും സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിപത്തിലിറങ്ങിയിട്ടുള്ളത്. കെ എസ് ആർ ടി സി സർവീസുകൾ നിലച്ചു.  അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര യാത്രാ സൗകര്യം ആവശ്യമുള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിലും ആശുപത്രികളിലും എത്താനുള്ള ക്രമീകരണം പൊലീസ് സംസ്ഥാനത്ത് പൊലീസ് ഒരുക്കിയിട്ടുണ്ട്.


ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (ബിപിസിഎൽ) അഞ്ച് യൂണിയനുകളെ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ ബിപിസിഎൽ കമ്പനിയിൽ ജോലിക്ക് കയറാൻ എത്തിയ ജീവനക്കാരെ തൊഴിലാളികൾ തടഞ്ഞു.  മണിക്കൂറുകൾ പിന്നിടുമ്പോൾ പണിമുടക്ക് പൂർണമാണെന്നാണ് റിപ്പോർട്ടുകൾ. 


തമിഴ്നാട്ടിൽ സമരം ചെയ്താൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിറക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ, ട്രേഡ് യൂണിയനുകൾ തെരുവിൽ പ്രതിഷേധിക്കുമ്പോഴും സംസ്ഥാന സർക്കാർ എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്നും ജീവനക്കാരോട് ഡ്യൂട്ടിക്ക് ഹാജരാകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്റ്റേഷനിൽ സമരാനുകൂലികൾ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു.പണിമുടക്കിനെ തുടർന്ന് ദേശീയ ഗ്രിഡിന്റെ മുഴുവൻ സമയ വൈദ്യുതി വിതരണവും സുസ്ഥിരതയും ഉറപ്പാക്കാനും അതീവ ജാഗ്രത പുലർത്താനും വൈദ്യുതി മന്ത്രാലയം നിർദ്ദേശം നൽകി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.