ഡല്‍ഹി: ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ ഭരണവര്‍ഗ്ഗത്തില്‍ നിന്നും ഉദ്യോഗസ്ഥ മേധാവികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും എല്ലാം വലിയ രീതിയിലുള്ള സമ്മര്‍ദ്ദം നേരിടുകയാണെന്ന് സീ മീഡിയ ചെയര്‍മാന്‍ ഡോ സുഭാഷ് ചന്ദ്ര പറഞ്ഞു. തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനായി മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. പരസ്യങ്ങള്‍ നല്‍കുന്നതിലെ സ്വാധീനം ഉപയോഗിച്ചോ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചോ മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാരുകള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഡോ സുഭാഷ് ചന്ദ്ര പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ സംഭവങ്ങളുടെ ഒരു ഉദാഹരണവും അദ്ദേഹം പങ്കുവച്ചു. സ്വതന്ത്രമായ ഒരു മാധ്യമ അന്തരീക്ഷം രാജ്യത്തിന്റെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. അത് സാമ്പത്തിക മേഖലയില്‍ ആയാലും സാമൂഹ്യ ഘടനയുടെ കാര്യത്തില്‍ ആയാലും, സമൂഹത്തിലെ ദുര്‍ബലരെ സംരക്ഷിക്കുന്ന കാര്യത്തിലായാലും, അഴിമതി കുറയ്ക്കുന്ന കാര്യത്തിലായാലും ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ മാധ്യമ സ്വാതന്ത്ര്യം നിര്‍ണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.


ഞങ്ങളുടെ വായനക്കാരോടും കാഴ്ചക്കാരോടും ഉള്ള ധര്‍മം പാലിക്കുന്നതിന് വേണ്ടി എന്ത് വില കൊടുക്കാനും എന്ത് പ്രത്യാഘാതങ്ങള്‍ നേരിടാനും താനും തന്റെ സംഘവും തയ്യാറാണെന്നും ഡോ സുഭാഷ് ചന്ദ്ര പറഞ്ഞു.


ജനാധിപത്യത്തിന്റെ നാലാം തൂണിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സീ മീഡിയ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന മൂല്യങ്ങളുടെ കാര്യത്തിലായാലും തുടരുന്ന രീതികളുടെ കാര്യത്തിലായാലും മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഒരു ഉത്തമ മാതൃക സൃഷ്ടിക്കാന്‍ സീ മീഡിയ എപ്പോഴും ലക്ഷ്യമിടുന്നു. സര്‍ക്കാരുകളെ സംബന്ധിച്ച സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാനും പൊതുപ്രശ്‌നങ്ങളില്‍ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ധൈര്യസമേതം തങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. അതിനെ സര്‍ക്കാരിനോടുള്ള വിമര്‍ശനമായോ അല്ലാതെയായോ കണ്ടാലും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


സീ മീഡിയയുടെ ഫ്‌ലാഗ്ഷിപ്പ് ചാനല്‍ ആയ സീ ന്യൂസിന് അടുത്തിടെ നേരിടേണ്ടി വന്ന ഭരണകൂട അടിച്ചമര്‍ത്തലിനെ കുറിച്ചും ഡോ സുഭാഷ് ചന്ദ്ര വെളിപ്പെടുത്തി. 


'2024 മെയ് 23 ന് സീ ന്യൂസിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിമുഖം എടുത്തു. ആ അഭിമുഖത്തിലെ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി, അഭിമുഖം സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന് സീ ന്യൂസിന്റെ സ്വതന്ത്ര പത്രാധിപസമിതി തീരുമാനിച്ചു. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം സംപ്രേഷണം ചെയ്തു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി വക്താവ്, ആ അഭിമുഖം പൂര്‍ണമായും സംപ്രേഷണം ചെയ്യണം എന്ന് നിര്‍ബന്ധം പിടിച്ചു. അല്ലാത്ത പക്ഷം, പഞ്ചാബ് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നത് അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് പറഞ്ഞു.'


'വളരെ പെട്ടെന്ന് തന്നെ എനിക്ക് ഒരു കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞു. പഞ്ചാബിലെ ഒരു കുത്തക മള്‍ട്ടിപ്പിള്‍ സിസ്റ്റം ഓപ്പറേറ്ററെ ഉപയോഗിച്ച് സര്‍ക്കാര്‍ സീ ന്യൂസിനെ ബ്ലാക്ക് ഔട്ട് ചെയ്യുകയായിരുന്നു. സീ ന്യൂസിന് മാത്രമല്ല, സീ പിഎച്ച്എച്ച്, സീ ഡല്‍ഹി എന്‍സിആര്‍ എന്നീ ചാനലുകള്‍ക്കും ബ്ലാക്ക് ഔട്ട് നേരിടേണ്ടി വന്നു. സീയുടെ വിനോദ ചാനലുകള്‍ക്കും സര്‍ക്കാര്‍ ഇത്തരത്തില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ഇതോടൊപ്പം, സീ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ചാനലുകളിലേയും ചര്‍ച്ചകളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വക്താക്കളെ പിന്‍വലിക്കുകയും ചെയ്തു.'


മറ്റൊരു മാധ്യമ സ്ഥാപനം പോലും ഈ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയില്ല എന്നത് നിരാശപ്പെടുത്തി എന്നാണ് ഡോ സുഭാഷ് ചന്ദ്ര പറയുന്നത്. എട്ട് ദിവസത്തോളം സീ ന്യൂസിന് പഞ്ചാബിലെ തങ്ങളുടെ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ വാര്‍ത്തകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ യുദ്ധം സീ മീഡിയ ഗ്രൂപ്പ് ഒറ്റയ്ക്കാണ് പോരാടിയത്. ഇതേ തുടര്‍ന്ന് നിയമനടപടികളിലൂടെ ചാനലുകള്‍ പുനസ്ഥാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.


ജനാധിപത്യത്തിന്റെ നാലാം തൂണിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നതിന്റെ തത്സമയ ഉദാഹരണം ആയിരുന്നു ഇത്. ഇന്ന് അത് സീ ആണ്, നാളെ ഏത് മാധ്യമ സ്ഥാപനവും ഇത്തരത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വന്നേക്കുമെന്നും ഡോ സുഭാഷ് ചന്ദ്ര പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.