ആമസോണിൽ 90000 രൂപയുടെ ക്യാമറ ലെൻസ് ഓര്‍ഡർ ചെയ്തു; കിട്ടിയത് വിത്ത്
സിഗ്മ എന്ന കമ്പനിയുടെ ക്യാമറ ലെൻസുകൾക്ക് ആമസോണിൽ താൻ ഓർഡർ നൽകി എന്നാൽ എത്തിയത് ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ്ങിൽ ആളുകൾ പറ്റിക്കപ്പെടുന്ന സംഭവങ്ങൾ സ്ഥിരമാണ്. പലരും ഓർഡർ ചെയ്യുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതും ഇപ്പോൾ നിത്യ സംഭവമാണ്.വിലകൂടിയ സ്‌മാർട്ട്‌ഫോണുകൾക്ക് പകരം Vim ബാറുകൾ ലഭിച്ചതും, ഗാഡ്‌ജെറ്റുകളുടെ സ്ഥാനത്ത് പച്ചക്കറി കിട്ടിയതുമടക്കം കഥകൾ നിരവധി.ഇത്തരമൊരു സംഭവമാണ് ഇവിടെയും നടന്നത്.അരുൺ കുമാർ മെഹർ എന്നയാളാണ് തനിക്കുണ്ടായ ദുരവസ്ഥ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
സിഗ്മ എന്ന കമ്പനിയുടെ 90,000 രൂപ വിലമതിക്കുന്ന ക്യാമറ ലെൻസുകൾക്ക് ആമസോണിൽ താൻ ഓർഡർ നൽകി എന്നാൽ എത്തിയത് ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ (ഒരു തരം അരി)ആയിരുന്നു. കമ്പനിയുടെ ലെൻസ് ബോക്സിൽ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. അടിച്ച് മാറ്റിയവർക്ക് ഇത് സംബന്ധിച്ച് നല്ല ധാരണ ഉണ്ടായിരുന്നെന്ന് അരുൺ പറയുന്നു.പാക്കേജിൽ നിന്ന് ലെൻസുകൾ മാത്രമാണ് നീക്കം ചെയ്തതെന്ന് അരുൺ പങ്കുവെച്ച ഫോട്ടോകളിൽ കാണാം. ഇതിനുള്ളിൽ പൊതിഞ്ഞ വിലകൂടിയ ഡിവൈസിനെ കുറിച്ച് കള്ളന് നന്നായി അറിയാമായിരുന്നു. പ്രശ്നം ഉണ്ടായപ്പോൾ തന്നെ അരുൺ ഉടൻ ആമസോണിൽ പരാതി നൽകി.
ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാമെന്ന് കമ്പനി അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാകർഷിച്ചു. അരുണിന്റെ ട്വീറ്റ് 145,000-ലധികം പേരാണ് കണ്ടത്. സമാന അനുഭവം നേരിട്ടവരും ഇതിൽ തങ്ങളുടെ അഭിപ്രായം അറിയിച്ചു. കഴിഞ്ഞ വർഷം താൻ ഒരു സിഗ്മ 150-600 ലെൻസ് ഓർഡർ ചെയ്തിരുന്നെന്നും പകരം വന്നത് തയ്യൽ മെഷിൻ ആണെന്നും ഒരാൾ പറഞ്ഞു.
ഇത് പുതിയതല്ല. പലതവണ എനിക്ക് ഇതേ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ അത് പരിഹരിച്ചു കിട്ടും എന്നാൽ ചിലപ്പോൾ അത് പരിഹരിക്കില്ലെന്നായിരുന്നു മറ്റൊരാളുടെ കമൻറ്.ഡെലിവറി സ്വീകരിക്കുന്നതിന് മുമ്പ് ഉള്ളിൽ എന്താണെന്ന് പരിശോധിക്കാൻ ഞാൻ എപ്പോഴും ബോക്സ് തുറക്കുമെന്നും എല്ലാം ശരിയാണെങ്കിൽ മാത്രമെ ഞാൻ അത് സ്വീകരിക്കു എന്നും മറ്റൊരാളും കമൻറ് ചെയ്തു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...