ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാത്തതുമൂലം പിതാവിന്‍റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ മക്കള്‍ വീട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബരാബങ്കിയിലെ ത്രിവേദിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനാണ് ആംബുലന്‍സ് ലഭിക്കാതിരുന്നത്. തുടര്‍ന്ന് മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കിടത്തി എട്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചു.  ബരാബങ്കി ജില്ലാ അധികൃതര്‍ യഥാസമയം ആംബുലന്‍സ് നല്‍കാതിരുന്നതിനാലാണ് ബന്ധുക്കള്‍ക്ക് സൈക്കിള്‍ റിക്ഷയെ ആശ്രയിക്കേണ്ടി വന്നത്.  


സംഭവം വിവാദം ആയപ്പോള്‍ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തി. ജില്ലയുടെ ആവശ്യത്തിന് ആകെ രണ്ട് ആംബുലന്‍സ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. 


ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ആംബുലന്‍സ് സേവനം ലഭ്യമല്ലാത്തത് മൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് ആരോപണം. ദരിദ്രരായ ഗ്രാമീണര്‍ക്കാണ് ഇതുമൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നത്. മൃതദേഹം തോളിലേറ്റിയും ഉന്തുവണ്ടിയില്‍ കിടത്തിയും വീട്ടിലെത്തിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.