ന്യൂഡല്‍ഹി: മദ്രാസ്‌ ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ ഫാത്തിമയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്. വനിതാ ഐജിയുടെ നേതൃത്വത്തിലായിരിക്കും സിബിഐ അന്വേഷണം നടത്തുകയെന്നും അമിത് ഷാ പറഞ്ഞു.


രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും മദ്രാസ്‌ ഐഐടിയില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ ഫാത്തിമയുടെ മരണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. 


കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഫാത്തിമയുടെ പിതാവ് തന്‍റെ പരാതി അമിത് ഷായ്ക്കും, പ്രധാനമന്ത്രിയ്ക്കും കൈമാറി. ഒപ്പം 37 എംപിമാര്‍ ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചു.


ഇപ്പോള്‍ തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്‌.  ആ അന്വേഷണത്തില്‍ ഫാത്തിമയുടെ പിതാവ് തൃപ്തനാണ്. ഇതിനൊപ്പം സിബിഐ അന്വേഷണവും നടക്കും. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.


ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ തൃപ്തിയുണ്ടെന്നും തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പ്രതികരിച്ചു.