ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഔദ്യോഗിക സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്‍ഘാടനത്തിനും പൊതുപരിപാടികള്‍ക്കുമാണ് മോദി സമയം കണ്ടെത്തുന്നത്. ഇതില്‍ പ്രധാനപ്പെട്ട പരിപാടി 2004ല്‍ ആഞ്ഞടിച്ച സുനാമിയുടെ ഓര്‍മ്മയ്‍ക്കായി നിര്‍മ്മിച്ച സുനാമി സ്‍മാരകം സന്ദര്‍ശനമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം മോദി സന്ദര്‍ശിച്ച മറ്റൊരു പ്രധാനസ്ഥലം സെല്ലുലാര്‍ ജയില്‍ ആയിരുന്നു. ചരിത്രപ്രധാനമായ ജയിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്ന സെല്ലുലാര്‍ ജയില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെ നാടുകടത്തി തടവില്‍ പാര്‍‍പ്പിച്ചിരുന്ന ജയിലാണ് ഇത്. വിവാദ ഹിന്ദുത്വ നേതാവ് സവര്‍ക്കറുടെ ജയിലിലെ മുറിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കൂടാതെ സവര്‍ക്കര്‍ക്ക് മോദി ആദരവും അര്‍പ്പിച്ചു. 


പ്രധാനമന്ത്രിയുടെ ജയില്‍ സന്ദര്‍ശനം സംബധിച്ച വീഡിയോ ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 


ഇവിടെ മോദിയുടെ സന്ദര്‍ശനത്തില്‍ വിവാദ ഹിന്ദുത്വ നേതാവ് സവര്‍ക്കറുടെ ജയിലിലെ മുറി സന്ദര്‍ശനവും ഉള്‍പ്പെടുന്നു. സവര്‍ക്കര്‍ക്ക് മോദി ആദരവും അര്‍പ്പിച്ചു. - ഓള്‍ ഇന്ത്യ റേഡിയോ വീഡിയോ ട്വീറ്റ് ചെയ്‍തു.



ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ആദ്യമായി ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന സവര്‍ക്കര്‍, എല്ലാക്കാലത്തും വിവാദ നായകനായിരുന്നു. ജര്‍മ്മന്‍ ഏകാധിപതിയും വംശഹത്യയ്ക്കായി ജൂതരെ കൊന്നൊടുക്കുകയും ചെയ്‍ത അഡോള്‍ഫ് ഹിറ്റ്‍ലറുടെ ആരാധകനായിരുന്നു സവര്‍ക്കര്‍ എന്ന് ചരിത്രം പറയുന്നു. 


മഹാത്മ ഗാന്ധിയുടെ രീതികളെ ചോദ്യം ചെയ്‍ത സവര്‍ക്കര്‍, പിന്നീട് ഗാന്ധിയുടെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‍തു. സവര്‍ക്കറെ പിന്നീട് വിട്ടയച്ചിരുന്നു. കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്ന സവര്‍ക്കര്‍, ഹിന്ദുദേശീയ വാദത്തില്‍ അടിസ്ഥാനമാക്കി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹം  ശ്രമിച്ചത്. 2015ല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന മുന്നോട്ടുവന്നിരുന്നു.