Anil K Antony | അനിൽ കെ ആൻറണി കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു
BBC documentary issue: കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നതായും കോൺഗ്രസ്സിലെ എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആൻറണിയുടെ മകനും കോൺഗ്രസ്സ് സോഷ്യൽ മീഡിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോ-ഓർഡിനേറ്ററുമായ അനിൽ കെ ആൻറണി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നതായും കോൺഗ്രസ്സിലെ എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
ബിബിസിയുടെ ഡോക്യുമെൻററി വിവാദമാണ് അനിൽ ആൻറണിയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യലാവും എന്ന് അനിൽ ആൻറണി അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെ വലിയ വിവാദമാണ് കോൺഗ്രസ്സിൽ നിന്ന് തന്നെ ഉയർന്നത്. ‘കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫേസ്ബുക്ക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു’ – അനിൽ ട്വീറ്റിൽ കുറിച്ചു.
കെ.പിസിസി ഡിജിറ്റൽ മീഡിയ കൺവീനർ , എ.ഐ.സി.സി മീഡിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ രാജിവെച്ചത്. അതിനിടയിൽ അനിൽ കെ ആൻറണി ബിജെപിയിലേക്ക് പോകുമെന്നും ചില വൃത്തങ്ങളിൽ സംസാരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അനിൽ ഒന്നും പറഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...