ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെ ദുഃഖകരമായ സാഹചര്യമാണ്, അതും ഒരു ചീഫ് സെക്രട്ടറിയെ എല്‍എമാര്‍കൈയേറ്റം ചെയ്യുക എന്നത്. ഇത് തികച്ചും അസ്വീകാര്യമാണ്. അതും, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് സംഭവത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. തികച്ചും ലജ്ജാകരമായ സംഭവമാണ് ഇത്, അവര്‍ പറഞ്ഞു.


അതേസമയം, ഡല്‍ഹി ചീഫ് സെക്രട്ടറിയ്ക്കു നേരെയുണ്ടായ സംഭവത്തെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി ഡൽഹി ലഫ്റ്റനന്‍റ് ഗവർണറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് സംഭവം നടന്നത്. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍  ആലോചനാ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ചാണ് ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചതെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


അതേസമയം, മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസെടുക്കണമെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആപ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കും വരെ ജോലി പുനരാരംഭിക്കില്ല എന്ന് ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സബോർഡിനേറ്റ് സർവീസ് പ്രസിഡന്‍റ് ഡി എൻ സിംഗ് പറഞ്ഞു.